പ്രൈമറി തലത്തില്‍ പുതിയ ഡിജിറ്റല്‍ വിപ്ലവത്തിന് തുടക്കമിടുന്ന 'ഡിജിറ്റല്‍ സ്ക്വയര്‍' പദ്ധതി മന്ത്രി എന്‍. ഷംസുദ്ധീന് ഉദ്ഘാടനം ചെയ്തു
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ എല്‍.പി, യു.പി വിഭാഗങ്ങളിലെ ഐ.ടി പഠനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും വിപുലീകരിക്കുന്നതിനുമായി സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തി പൊതുവിദ്യാഭ്യാസ വകുപ്പ് കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ് ) വഴി നടപ്പാക്കുന്ന 'ഡിജിറ്റല്‍ സ്ക്വയര്‍' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍. ഷംസുദ്ദീന് നിര്‍വ്വഹിച്ചു. കൈറ്റിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ 14 ജില്ലകളിലും ഒരേസമയം സംഘടിപ്പിച്ച പ്രൈമറി സ്കൂള്‍ പ്രഥമാധ്യാപകരുടെ ശില്പശാലയും ചടങ്ങില്‍ മന്ത്രി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ലാ പഞ്ചായത്ത് ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ ഡിജിറ്റല്‍ സ്ക്വയര്‍ പദ്ധതിയുടെ ഔദ്യോഗിക മാര്‍ഗ്ഗരേഖ മന്ത്രി പ്രകാശനം ചെയ്തു.
ഒന്നു മുതല്‍ ഏഴ് വരെയുള്ള ക്ലാസുകളിലെ കുട്ടികളില്‍ കളിയിലൂടെയുള്ള പഠനം, സര്‍ഗ്ഗാത്മകത, സ്വയം പഠനശേഷി എന്നിവ വികസിപ്പിക്കാനാണ് ഡിജിറ്റല്‍ സ്ക്വയര്‍ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ വ്യക്തമാക്കി. ജികോംപ്രിസ് പോലുള്ള എജുടെയിന്‍മെന്റ് സോഫ്റ്റ്വെയറുകള്, ഇ-ക്യൂബ് ലാംഗ്വേജ് ലാബുകള്‍, ചിത്രരചനയ്ക്കും അനിമേഷനുമുള്ള സംവിധാനങ്ങള്‍ എന്നിവ പൂര്‍ണ്ണമായും സ്വതന്ത്ര സോഫ്റ്റ്വെയര് അധിഷ്ഠിതമായി ഇതില്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കാഴ്ചപരിമിതിയുള്ളവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ഒരുപോലെ പ്രയോജനപ്പെടുത്താവുന്ന രീതിയിലാണ് ഡിജിറ്റല്‍ സ്ക്വയര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. സാങ്കേതികവിദ്യ കുട്ടികള്‍ക്ക് ലഭ്യമാക്കുന്നതോടൊപ്പം അവരുടെ ഡിജിറ്റല്‍ സുരക്ഷിതത്വം ഉറപ്പാക്കാന്‍ 'സൈബര്‍ സുരക്ഷാ പ്രൊട്ടോക്കോള്‍ 2026' ശക്തമായി നടപ്പിലാക്കുമെന്നും, ഇതിനായി സ്കൂളുകളിലെ സൈബര്‍ സേഫ്റ്റി കമ്മിറ്റികള്‍ സജീവമായി പ്രവര്‍ത്തിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കുട്ടികളുടെ പഠനമികവ് വിലയിരുത്തുന്ന 'താരാപഥം' അക്കാദമിക മോണിറ്ററിംഗ് സംവിധാനം, വിദ്യാലയങ്ങളുടെ വിവരശേഖരമായ സ്കൂള്വിക്കി ശാക്തീകരിക്കുന്നതിനായി 'സ്കൂള്‍ വിക്കിത്തോണ്‍, ലിറ്റില്‍ കൈറ്റ്സ് ഐ.ടി ക്ലബ്ബുകള്‍ യു.പി തലത്തിലേക്ക് വ്യാപിപ്പിക്കല്‍ എന്നിവയും മന്ത്രി തന്റെ പ്രസംഗത്തില്‍ വിശദീകരിച്ചു.
പദ്ധതിയുടെ നടത്തിപ്പിനായി മുഴുവന്‍ ഐടി കോര്‍ഡിനേറ്റര്‍മാര്‍ക്കും അധ്യാപകര്‍ക്കും കൈറ്റ് പ്രത്യേക പരിശീലനം നല്‍കുമെന്ന് പദ്ധതി വിശദീകരണം നടത്തി കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത് ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാര്‍ ഹാജി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ പി കെ അസ്ലു , ഷാഹിന നിയാസി, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ. ശ്രീജ ഗോപിനാഥ്, കൈറ്റ് ജില്ലാകോര്‍ഡിനേറ്റര്‍ മുഹമ്മദ് ഷെരീഫ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
- Log in to post comments