Skip to main content

തീരദേശ മേഖലയിൽ സംസ്ഥാന ഭക്ഷ്യ കമ്മീഷൻ സന്ദർശനം നടത്തി

 

സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ചെയർപേഴ്സൺ ഡോ. ജിനു സക്കറിയ ഉമ്മന്റെയും സംസ്ഥാന ഭക്ഷ്യകമ്മീഷൻ മെമ്പർ അഡ്വ. കെ. എൻ സുഗതൻ്റെയും നേതൃത്വത്തിൽ ജില്ലയിലെ തീരദേശ മേഖലകളായ കുമ്പളങ്ങി , ചെല്ലാനം, കണ്ണമാലി, കണ്ടക്കടവ് പുത്തൻതോട്, എളങ്കുന്നപ്പുഴ, ഞാറയ്ക്കൽ എന്നിവിടങ്ങളിലെ അങ്കണവാടികൾ, സ്കൂളുകൾ റേഷൻ പൊതുവിതരണ കേന്ദ്രങ്ങൾ എന്നിവടങ്ങളിൽ സന്ദർശനം നടത്തി. ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം 2013 ന്റെ ഭാഗമായി അങ്കണവാടികളിൽ നിന്നുള്ള പോഷകാഹാര വിതരണം, ഉച്ചഭക്ഷണ പദ്ധതി എന്നിവ യുടെ നിർവഹണം കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായാണ് കമ്മീഷൻ സന്ദർശനം നടത്തിയത്.

എറണാകുളം മട്ടാഞ്ചേരി ഉപജില്ലയിലെ ചെല്ലാനം സെൻ്റ് മേരീസ് ഹൈസ്ക്കൂൾ, എൽ. പി സ്ക്കൂൾ, പുത്തൻ തോട് ഗവ. ഹൈസ്ക്കൂൾ എന്നീ സ്ക്കൂളുകളിൽ കമ്മീഷൻ സന്ദർശനം നടത്തി. ചെല്ലാനം സെൻ്റെ മേരീസ് എൽ പി സ്കൂളിലെ മട്ടുപ്പാവിലെ പച്ചക്കറി കൃഷി കമ്മീഷൻ സന്ദർശിച്ചു.
പള്ളുരുത്തി ഐ സി ഡി എസി ന് കീഴിലുള്ള കുമ്പളങ്ങി ചെല്ലാനം, കണ്ണമാലി, കണ്ടക്കടവ്, പുത്തൻ തോട് സെക്ടറുകളിലെ വിവിധ അങ്കണവാടികളിൽ സന്ദർശനം നടത്തുകയും അവിടത്തെ പോഷകാഹാര വിതരണം, പശ്ചാത്തല സൗകര്യങ്ങൾ എന്നിവ വിലയിരുത്തുകയും ചെയ്തു. കുമ്പളങ്ങി , ചെല്ലാനം മേഖലയിലെ റേഷൻ പൊതുവിതരണ കേന്ദ്രങ്ങൾ കമ്മീഷൻ പരിശോധന നടത്തുകയും ഭക്ഷ്യ പൊതുവിതരണ വകുപ്പിൻ്റെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു.

ഐ സി ഡി എസ് ജില്ലാ പ്രോഗ്രാം  ഓഫീസർ സി.  സുധ , ജില്ല നൂൺ മീൽ ഓഫീസർ ഷഹനാസ് ഷെഫിൻ,ജില്ലാ സപ്ലൈ ഓഫീസർ വി.ആർ.ഷാജി, കൊച്ചി സിറ്റി റേഷനിംഗ് ഓഫീസർ  കെ. വിനോദ് വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ
കമ്മീഷനെ അനുഗമിച്ചു. തുടർന്നും ഇത്തരം പരിശോധനകൾ നടത്തുമെന്ന്‌ കമ്മീഷൻ അറിയിച്ചു.

date