Skip to main content

മ്യൂസിയം ഓഡിറ്റോറിയത്തിൽ പുതിയ സ്റ്റെയർ ലിഫ്റ്റും റാമ്പും: മന്ത്രി ഒ ജെ ജനീഷ് ഉദ്ഘാടനം ചെയ്യും

നൂറുദിന കർമ പരിപാടിയിൽ ഉൾപ്പെടുത്തി മ്യൂസിയം ഓഡിറ്റോറിയത്തിൽ പുതിയതായി സ്ഥാപിച്ച സ്റ്റെയർ ലിഫ്റ്റിന്റെയും റാമ്പിന്റെയും ത്രിഡി തിയേറ്ററിൽ സ്ഥാപിച്ച റാമ്പിന്റെയും ഉദ്ഘാടനം ജൂലൈ 29 വൈകിട്ട് 4ന് മ്യൂസിയം, മൃഗശാലാ, പുരാവസ്തു, പുരാരേഖാ വകുപ്പ് മന്ത്രി  ഒ ജെ ജനീഷ് നിർവഹിക്കും.

ആരോഗ്യ മന്ത്രി കെ മുരളീധരൻ അധ്യക്ഷനാകുന്ന ചടങ്ങിൽ മ്യൂസിയം മൃഗശാല വകുപ്പ് ഡയറക്ടർ മഞ്ജുളദേവി പി എസ്, പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ ദിനേശൻ, പുരാരേഖ വകുപ്പ് ഡയറക്ടർ പാർവതി എസ്, മ്യൂസിയം എക്സിക്യൂട്ടീവ് ഡയറക്ടർ ആർ ചന്ദ്രൻപിള്ള, ബൊട്ടാണിക്കൽ ഗാർഡൻ സൂപ്രണ്ട് വിജയലക്ഷ്മി പി വി, വാർഡ് കൗൺസിലർ കെ ആർ ക്ലീറ്റസ് എന്നിവർ പങ്കെടുക്കും.

ചിത്രപ്രദർശനങ്ങൾക്കും സാംസ്കാരിക പരിപാടികൾക്കും കോൺഫറൻസുകൾക്കും വേദിയാകുന്ന ഓഡിറ്റോറിയത്തിൽ സാങ്കേതികമായി മെച്ചപ്പെടുത്തിയ ശീതീകരണ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഭിന്നശേഷി സൗഹൃദവും സാമൂഹികനീതിയും ഉറപ്പാക്കുന്ന സമഗ്രമായ പ്രവേശന സൗകര്യങ്ങളാണ് ഒരുക്കിയത്. മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും മറ്റു ശാരീരിക അസ്വസ്ഥതകൾ അനുഭവിക്കുന്നവർക്കും ഓഡിറ്റോറിയത്തിന്റെ ഉപയോഗം കൂടുതൽ സുഗമവും സുരക്ഷിതമാക്കുന്നതിനുമാണ് ആധുനിക സ്റ്റെയർ ലിഫ്റ്റും റാമ്പും സജ്ജമാക്കിയത്.

പി.എൻ.എക്‌സ്. 2806/2026

date