ട്രാൻസ്പോർട്ടിങ് കരാറുകാർക്ക് തുക സമയബന്ധിതമായി നൽകും: മന്ത്രി അനൂപ് ജേക്കബ്
റേഷൻ വാതിൽപടി വിതരണ ട്രാൻസ്പോർട്ടിങ് കരാറുകാർക്കു നൽകാനുള്ള തുകയുടെ വിഹിതം ഓണത്തിനു മുമ്പ് നൽകാൻ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ മന്ത്രി അനൂപ് ജേക്കബ്. താമസിയാതെ അതിനുള്ള ഫണ്ട് നൽകും. കരാറുകാരുടെ എല്ലാ ആവശ്യങ്ങളും സമയബന്ധിതമായി പരിഹരിക്കുമെന്നും മന്ത്രി അറിയിച്ചു. ട്രാൻസ്പോർട്ടിങ് കരാറുകാരുടെ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഇക്കാര്യത്തിൽ ആശങ്ക വേണ്ടെന്നും പരാതികൾ പരിഹരിക്കുമെന്നും മന്ത്രി ഉറപ്പു നൽകി. എഫ്.സി.ഐ ഗോഡൗണുകൾ, സി.എം.ആർ ഗോഡൗണുകൾ എന്നിവയിൽ നിന്നും ഭക്ഷ്യധാന്യങ്ങൾ എടുത്ത് താലൂക്ക് തലത്തിലുള്ള ഡിപ്പോകൾ വഴി റേഷൻ കടകളിൽ എത്തിക്കുന്നത് ട്രാൻസ്പോർട്ടിങ് കരാറുകാരാണ്. ഓണക്കാലത്ത് എല്ലാവരുടേയും സഹകരണം ഉണ്ടാകണമെന്നും മന്ത്രി അഭ്യർഥിച്ചു.
മന്ത്രിയുമായുള്ള ചർച്ചയുടെ അടിസ്ഥാനത്തിൽ ആഗസ്റ്റ് ഒന്നു മുതൽ നടത്താനിരുന്ന സമരത്തിൽ നിന്നു പിന്മാറുകയാണെന്നു കരാറുകാർ അറിയിച്ചു. ഓണക്കാലത്ത് റേഷൻ വിതരണം തടസപ്പെടാതെ ഉറപ്പാക്കുമെന്നും കരാറുകാർ ഉറപ്പു നൽകി. എഫ്.സി.ഐ. ഗോഡൗണുകളിൽ നിന്ന് ഓണക്കാലത്തിനുള്ള ധാന്യനീക്കം ആരംഭിച്ചിട്ടുണ്ട്.
പി.എൻ.എക്സ്. 2812/2026
- Log in to post comments