Skip to main content
..

ലഹരിവിരുദ്ധപ്രവര്‍ത്തനങ്ങളില്‍ എസ് പി സിയും പങ്കാളി: മന്ത്രി പി സി വിഷ്ണുനാഥ്

 

 
സര്‍ക്കാരിന്റെ  ലഹരിവിരുദ്ധപദ്ധതിയായ ഓപ്പറേഷന്‍ തൂഫാന്റെ പ്രവര്‍ത്തനങ്ങളില്‍ സ്റ്റുഡന്റസ് പോലീസ് കേഡറ്റുകളും പങ്കാളികളാണെന്നു ടൂറിസം-സാംസ്‌കാരിക വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ്. മുഖത്തല ചെല്ലപ്പന്‍പിള്ള സ്മാരക ഹൈസ്‌കൂളില്‍ സ്റ്റുഡന്റസ് പോലീസ് കേഡറ്റുകളുടെ (എസ് പി സി) പാസിംഗ് ഔട്ട് പരേഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അക്കാഡമിക് മേഖലയോടൊപ്പം പാഠ്യേതരപ്രവര്‍ത്തനങ്ങളിലും വിദ്യാര്‍ഥികള്‍ വ്യാപൃതരാകണം.  രാജ്യത്തിന് മാതൃകയായ എസ് പി  സി പദ്ധതി കുട്ടികളില്‍ അച്ചടക്കം, കൃത്യനിഷ്ഠ, സേവനമനോഭാവം എന്നിവ വളര്‍ത്തിയെടുക്കാനും അവരെ മികച്ച പൗരരാക്കാനും സഹായകമാണ്. ലഹരിക്കെതിരെ സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങളെയും അണിനിരത്തുന്ന ഓപ്പറേഷന്‍ തൂഫാനുമായി കൈകോര്‍ത്ത് വിദ്യാര്‍ത്ഥികളെ ലഹരിയുടെ സ്വാധീനത്തില്‍ നിന്നും അകറ്റാന്‍ എസ് പി സി കേഡറ്റുകള്‍ക്ക് കഴിയണമെന്നും മന്ത്രി ഓര്‍മിപ്പിച്ചു. കേഡറ്റുകളുടെ സല്യൂട്ട് മന്ത്രി സ്വീകരിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആര്‍ ലതാദേവി മുഖ്യാതിഥിയായി. ചാത്തന്നൂര്‍ അസി പോലീസ് കമ്മിഷണര്‍ ആര്‍ എസ് അനുരൂപ്, കൊട്ടിയം പൊലിസ് ഇന്‍സ്പെക്ടര്‍ എസ് നിയാസ്, എസ് പി സി എ ഡി എന്‍ ഓ ബി രാജേഷ്, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സി എസ് ഷിജി തുടങ്ങിയവര്‍ പങ്കെടുത്തു.
 

 

date