ഹരിത ഓണം 2026: പേരും ലോഗോയും ക്ഷണിച്ചു
സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ ഓണം വാരാഘോഷം പരിസ്ഥിതി സൗഹൃദവും മാലിന്യരഹിതവുമായി സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി 'ഹരിത ഓണം 2026' ഗ്രീൻ പ്രോട്ടോക്കോൾ ക്യാമ്പയിനായി സംസ്ഥാനതലത്തിൽ ഔദ്യോഗിക പേര്, ലോഗോ, ടാഗ് ലൈൻ എന്നിവ ക്ഷണിച്ചു.
സംസ്ഥാന സർക്കാരിന്റെയും ശുചിത്വ മിഷന്റെയും നേതൃത്വത്തിൽ നടക്കുന്ന മത്സരത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന മികച്ച എൻട്രിക്ക് 5,000 രൂപയും പ്രശസ്തിപത്രവും സമ്മാനമായി നൽകും. വിജയിക്കുന്ന പേരും ലോഗോയും സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക 'ഹരിത ഓണം' ക്യാമ്പയിന്റെ ഭാഗമായി ഉപയോഗിക്കും.
കേരളത്തിലെ എല്ലാ വിദ്യാർഥികൾക്കും, പ്രൊഫഷണൽ ഡിസൈനർമാർക്കും, യുവജനങ്ങൾക്കും, കലാകാരന്മാർക്കും, പൊതുജനങ്ങൾക്കും മത്സരത്തിൽ പങ്കെടുക്കാം. ഓണത്തിന്റെ പാരമ്പര്യം, കേരളത്തിന്റെ സാംസ്‌കാരിക സ്വത്വം, പരിസ്ഥിതി സൗഹൃദ ഓണാഘോഷം, മാലിന്യം കുറയ്ക്കൽ, പ്ലാസ്റ്റിക് രഹിത ഓണം, ശുചിത്വം, റെഡ്യൂസ്-റീയൂസ്- റിസൈക്കിൾ ആശയം, സുസ്ഥിര വികസനം എന്നിവ ലോഗോയിൽ പ്രതിഫലിക്കണം.
ഡിസൈനുകൾ വെക്ടർ (എ ഐ/ഇ പി എസ്/ എസ് വി ജി/ പി ഡി എഫ്) അല്ലെങ്കിൽ 300 ഡി പി ഐയിൽ കുറയാത്ത ഹൈ റെസല്യൂഷൻ പി എൻ ജി ഫോർമാറ്റിലായിരിക്കണം. ലോഗോയുടെ ആശയം 100-150 വാക്കുകളിൽ വിശദീകരിക്കണം. മറ്റേതെങ്കിലും സ്ഥാപനത്തിന്റെ ലോഗോയോ കോപ്പിറൈറ്റ് ഉള്ള ചിത്രങ്ങളോ എ ഐ യിൽ നിന്ന് നേരിട്ട് പകർത്തിയ ഡിസൈനുകളോ ഉപയോഗിക്കാൻ പാടില്ല. ഒരാൾക്ക് പരമാവധി മൂന്ന് എൻട്രികൾ വരെ സമർപ്പിക്കാം.
ജൂലൈ 31-നകം onamdesignsm@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് ഡിസൈനുകൾ അയയ്ക്കണം. എൻട്രിക്കൊപ്പം മത്സരാർഥിയുടെ പേര്, വിലാസം, ഫോൺ നമ്പർ, ഇ-മെയിൽ വിലാസം എന്നിവയും നൽകണം. കൂടുതൽ വിവരങ്ങൾ ശുചിത്വ മിഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും സോഷ്യൽ മീഡിയ പേജുകളിലും ലഭ്യമാകും.
- Log in to post comments