വി.ആർ. സുധീർ കൊച്ചി കോർപ്പറേഷൻ ഡെപ്യൂട്ടി മേയറായി സത്യപ്രതിജ്ഞ ചെയ്തു
കൊച്ചി കോർപ്പറേഷന്റെ 26-ാമത് ഡെപ്യൂട്ടി മേയറായി വി.ആർ. സുധീർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഈ പദവിയിലെത്തുന്ന 23-ാമത്തെ കൗൺസിലറാണ് അദ്ദേഹം. ജില്ലാ കളക്ടർ ജി. പ്രിയങ്ക വരണാധികാരിയായി തിരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു.
ദീപക് ജോയ് എം.എൽ.എയായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ഒഴിവുവന്ന ഡെപ്യൂട്ടി മേയർ പദവിയിലേക്കാണ് എളമക്കര സൗത്ത് ഡിവിഷനിൽ (വാർഡ് 21) നിന്നുള്ള യു.ഡി.എഫ് പ്രതിനിധിയായ വി.ആർ. സുധീറിനെ തിരഞ്ഞെടുത്തത്.
കോർപ്പറേഷൻ കൗൺസിൽ ഹാളിൽ നടന്ന തിരഞ്ഞെടുപ്പിൽ ആകെ ഹാജരായ 74 കൗൺസിലർമാരിൽ, യു.ഡി.എഫിന്റെ 46 അംഗങ്ങളുടെ വോട്ടുകൾ വി.ആർ. സുധീർ നേടി. വൈകിയെത്തിയതിനാൽ യു.ഡി.എഫിലെ ഒരംഗത്തിന് വോട്ട് ചെയ്യാനായില്ല. എൽ.ഡി.എഫിന്റെ 22 കൗൺസിലർമാരിൽ നിന്ന് 21 വോട്ടുകൾ ലഭിച്ചപ്പോൾ ഒരു വോട്ട് അസാധുവായി. ആറ് കൗൺസിലർമാരുള്ള ബി.ജെ.പിയുടെ സ്ഥാനാർത്ഥിക്ക് ആറ് വോട്ടുകളും ലഭിച്ചു.
2000-ൽ എളമക്കര സൗത്ത് ഡിവിഷനിൽ നിന്ന് കൗൺസിലറായി തുടക്കം കുറിച്ച സുധീർ ഇതുവരെ നാല് തവണ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നിലവിൽ എറണാകുളം നോർത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ്, കൊച്ചി കോർപ്പറേഷൻ വർക്കേഴ്സ് കോൺഗ്രസ് പ്രസിഡന്റ് എന്നീ ചുമതലകളും അദ്ദേഹം വഹിക്കുന്നുണ്ട്.അഡ്വ. സീനയാണ് ഭാര്യ. അഡ്വ. രാജ് കൃഷ്ണ, ഹോട്ടൽ മാനേജ്‌മെന്റ് വിദ്യാർത്ഥിയായ അഭിരാജ് കൃഷ്ണ എന്നിവർ മക്കളാണ്.
- Log in to post comments