*തൃശ്ശൂരിൽ സെൻസസ് ആദ്യഘട്ടം പൂത്തിയായി: എച്ച്.എൽ.ഒ 100 ശതമാനം പൂർത്തീകരിച്ചു*
2027-ലെ ഡിജിറ്റൽ സെൻസസിന്റെ ആദ്യ ഘട്ടമായ വീടുകളുടെ പട്ടിക തയ്യാറാക്കലും വീടുകളുടെ സെൻസസും (ഹൗസ് ലിസ്റ്റിംഗ് ഓപ്പറേഷൻ – എച്ച്.എൽ.ഒ) തൃശ്ശൂർ ജില്ലയിൽ പൂർത്തിയായി. ആദ്യഘട്ട നടപടികൾ പൂർത്തിയാക്കാൻ ജൂലൈ 30 വരെ സമയം അനുവദിച്ചിരുന്നിടത്താണ് ഒരു ദിവസം മുൻപേ തന്നെ ജില്ല ലക്ഷ്യം കൈവരിച്ചിരിക്കുന്നത്.
ജില്ലയിലെ 15 ചാർജുകളിലായി ആകെ 5,836 ഹൗസ് ലിസ്റ്റിംഗ് ബ്ളോക്കുകളിലാണ് വിവരശേഖരണം നടത്തിയത്. വടക്കാഞ്ചേരി, ഇരിങ്ങാലക്കുട, കുന്നംകുളം, ചാവക്കാട്, കൊടുങ്ങല്ലൂർ, ചാലക്കുടി, ഗുരുവായൂർ മുനിസിപ്പാലിറ്റികൾ, തൃശ്ശൂർ കോർപ്പറേഷൻ, ചാലക്കുടി, തലപ്പിള്ളി, കൊടുങ്ങല്ലൂർ, ചാവക്കാട്, കുന്നംകുളം, തൃശ്ശൂർ, മുകുന്ദപുരം താലൂക്കുകൾ എന്നിവയുൾപ്പെടെയുള്ള എല്ലാ 15 ചാർജുകളിലും 100 ശതമാനം വിവരശേഖരണം പൂർത്തിയായി.
അധ്യാപകരും മറ്റ് സർക്കാർ ജീവനക്കാരും അടങ്ങുന്ന ആറായിരത്തിലധികം സെൻസസ് ഉദ്യോഗസ്ഥരാണ് വിവരശേഖരണത്തിനായി ഫീൽഡ് തലത്തിൽ പ്രവർത്തിച്ചത്.
കൃത്യമായ ആസൂത്രണത്തിലൂടെയും സമയബന്ധിതമായ ഇടപെടലുകളിലൂടെയും വിവരശേഖരണം വിജയകരമായി പൂർത്തിയാക്കാൻ പ്രയത്നിച്ച അഡീഷണൽ ജില്ലാ സെൻസസ് ഓഫീസർമാർ, എന്യുമറേറ്റർമാർ, സൂപ്പർവൈസർമാർ, ചാർജ് ഓഫീസർമാർ, മറ്റു ഉദ്യോഗസ്ഥർ തുടങ്ങി സെൻസസ് പ്രവർത്തനവുമായി സഹകരിച്ച എല്ലാവർക്കും ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ നന്ദി അറിയിച്ചു.
- Log in to post comments