Skip to main content

'ഹാപ്പി ഹോം'-പരിശീലന പരിപാടി സംഘടിപ്പിച്ചു

മലപ്പുറം ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന 'ഹാപ്പി ഹോം' പദ്ധതിയുടെ ഭാഗമായി ജില്ലയിലെ സര്‍ക്കാര്‍ അംഗീകൃത ചില്‍ഡ്രന്‍സ് ഹോമുകളിലെ മാനേജര്‍മാര്‍, സൈക്കോളജിസ്റ്റുകള്‍, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ക്കായി ഇന്‍ഡിവിജ്വല്‍ കെയര്‍ പ്ലാന്‍ (ഐ.സി.പി.) തയ്യാറാക്കുന്നതിനെക്കുറിച്ചുള്ള ഏകദിന പരിശീലന പരിപാടി രണ്ടത്താണി ശാന്തി ഭവനം ചില്‍ഡ്രന്‍സ് ഹോമില്‍ സംഘടിപ്പിച്ചു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ സഹകരണത്തോടെയുമാണ് പരിശീലനം സംഘടിപ്പിച്ചത്. ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ ശ്യാം ശങ്കര്‍ എസ്. എല്‍. ഉദ്ഘാടനം നിര്‍വഹിച്ചു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അരീക്കാടന്‍ മമ്മു മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.

ചില്‍ഡ്രന്‍സ് ഹോമുകളെ താമസസ്ഥലങ്ങള്‍ മാത്രമല്ല, സുരക്ഷിതവും സ്‌നേഹപൂര്‍ണ്ണവും അവകാശാധിഷ്ഠിതവുമായ വളര്‍ച്ചാ കേന്ദ്രങ്ങളാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് 'ഹാപ്പി ഹോം' പദ്ധതി നടപ്പാക്കുന്നത്. ഓരോ കുട്ടിയുടെയും പ്രായം, കുടുംബപശ്ചാത്തലം, വിദ്യാഭ്യാസം, ആരോഗ്യം, മാനസികാവസ്ഥ, പ്രത്യേക കഴിവുകള്‍, ഭാവി സാധ്യതകള്‍ എന്നിവ വിലയിരുത്തി വ്യക്തിഗത പരിചരണവും പുനരധിവാസവും ഉറപ്പാക്കുന്നതിനുള്ള പ്രധാന ഉപകരണമാണ് ഇന്‍ഡിവിജ്വല്‍ കെയര്‍ പ്ലാന്‍ (ഐ.സി.പി). ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം എല്ലാ സ്ഥാപനങ്ങളിലും ഓരോ കുട്ടിക്കും ഐ.സി.പി. തയ്യാറാക്കി കാലാനുസൃതമായി പുതുക്കേണ്ടത് നിര്‍ബന്ധമാണെന്നും പരിശീലനത്തില്‍ വിശദീകരിച്ചു. ഗവണ്‍മെന്റ് ചില്‍ഡ്രന്‍സ് ഹോം കൗണ്‍സിലര്‍ പി. ടി. ശിഹാബുദ്ദീന്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. ഐ.സി.പി. തയ്യാറാക്കുന്ന രീതി, കുട്ടികളുടെ ആവശ്യങ്ങളുടെ ശാസ്ത്രീയ വിലയിരുത്തല്‍, കേസ് മാനേജ്‌മെന്റ്, പുരോഗതി വിലയിരുത്തല്‍, പുനരധിവാസ ആസൂത്രണം, രേഖകളുടെ കൃത്യമായ പരിപാലനം തുടങ്ങിയ വിഷയങ്ങളില്‍ വിശദമായ പരിശീലനം നല്‍കി.

ശാന്തി ഭവനം ജനറല്‍ സെക്രട്ടറി മുഹമ്മദ് അബ്ദുല്‍ നാസര്‍ എം., നാഫിയ ഫര്‍സാന, ഷംസുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഷാജിത അറ്റാശ്ശേരി സ്വാഗതവും പ്രൊട്ടക്ഷന്‍ ഓഫീസര്‍ (ഐ.സി) മുഹമ്മദ് സാലിഹ് നന്ദിയും രേഖപ്പെടുത്തി. ജില്ലയിലെ വിവിധ സര്‍ക്കാര്‍ അംഗീകൃത ചില്‍ഡ്രന്‍സ് ഹോമുകളില്‍ നിന്നുള്ള മാനേജര്‍മാര്‍, സൈക്കോളജിസ്റ്റുകള്‍, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ പരിശീലനത്തില്‍ പങ്കെടുത്തു.

date