72-ാമത് നെഹ്റു ട്രോഫി വള്ളംകളി: ഒരാഴ്ച നീളുന്ന ഉത്സവമാക്കും-ജില്ല കളക്ടർ
നെഹ്റുട്രോഫി വള്ളംകളി ഇത്തവണ ഒരാഴ്ച നീളുന്ന ആലപ്പുഴയുടെ ഉത്സവമാക്കാനാണ് സംഘാടക സമിതി ശ്രമിക്കുന്നതെന്ന് ജില്ല കളക്ടർ ഷാജി വി.നായർ പറഞ്ഞു. ഇതിനായി ഇത്തവണ ക്ലബ്ബുകളുമായി ആലോചന നടന്നുവരുകയാണ്. ട്രാക്ക് നേരത്തെ തയ്യാറാക്കി ജനങ്ങളെ അറിയിച്ച് ട്രയലുകൾ കൂടൂതൽ ജനപ്രീയമാക്കാൻ ഉദ്ദേശിക്കുന്നതായും അദ്ദേഹം പറഞ്ഞു.
72-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ നടത്തിപ്പിൽ മാധ്യമങ്ങൾക്ക് വേണ്ട ക്രമീകരണങ്ങൾ ആലോചിക്കാൻ ജില്ലയിലെ മാധ്യമ സ്ഥാപനങ്ങളിലെ ബ്യൂറോ ചീഫുമാരുടെ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാധ്യമപ്രവർത്തകർക്ക് സുഗമമായ റിപ്പോർട്ടിങ്ങിനും ഫോട്ടോ, വീഡിയോ ചിത്രീകരണത്തിനും വള്ളംകളി ദിവസമായ ആഗസ്റ്റ് 22-ന് വിപുലമായ സൗകര്യങ്ങൾ ഒരുക്കുമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. വള്ളംകളിയുടെ സുഗമമായ നടത്തിപ്പിന് മാധ്യമപ്രവർത്തകരുടെ അഭിപ്രായങ്ങളും യോഗത്തിൽ ചർച്ച ചെയ്തു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ. എസ്. സുമേഷ്, ആലപ്പുഴ പ്രസ് ക്ലബ്ബ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ. പി. നീതുമോൾ, മാധ്യമ പ്രവർത്തകർ തുടങ്ങിയവർ സംസാരിച്ചു.
- Log in to post comments