നെഹ്റു ട്രോഫി വള്ളംകളി കമൻററി മത്സരം ആഗസ്റ്റ് 4 ന്
72ാമത് നെഹ്‌റു ട്രോഫി വള്ളംകളിക്ക് മുന്നോടിയായി പബ്ലിസിറ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വള്ളംകളി കമന്ററി മത്സരം സംഘടിപ്പിക്കുന്നു. ആഗസ്റ്റ് നാലിന് രാവിലെ 9 .30 ന്ആലപ്പുഴ ഗവ. മുഹമ്മദൻ ഗേൾസ് എച്ച് എസ് എസ് ഓഡിറ്റോറിയത്തിൽ (കളക്ട്രേറ്റിന് സമീപം)
ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ
മത്സരം ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടറും എൻ ടി ബി ആർ സൊസൈറ്റി ചെയർമാനുമായ ഷാജി വി നായർ അധ്യക്ഷനാകും. മുൻഎംഎൽഎ സി കെ സദാശിവൻ മുഖ്യ പ്രഭാഷണം നടത്തും. മുൻ എം.എൽ.എ എ.എ.ഷുക്കൂർ പങ്കെടുക്കും.
72-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നമായ വള്ളം തുഴയുന്ന വേഴാമ്പലിന് 'വേഴു' എന്ന പേര് നിർദ്ദേശിച്ച ആലപ്പുഴ,തിരുവമ്പാടി, നടുവിലെപ്പറമ്പ് എ.ആർ. ശുഐബിന് ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ മുല്ലയ്ക്കൽ നൂർ ജൂവലറി നൽകുന്ന സ്വർണനാണയം കൈമാറും.
ഹൈസ്‌കൂൾ-ഹയർസെക്കൻഡറി ഒറ്റ വിഭാഗമായും കോളേജ്, പൊതുവിഭാഗം(പ്രായപരിധിയില്ലാതെ ) ഒറ്റ വിഭാഗമായും രണ്ട് വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിക്കുന്നത്. അഞ്ചു മിനിറ്റ് ആണ് സമയപരിധി. 2025 നെഹ്‌റു ട്രോഫി വള്ളം കളിയുടെ ഫൈനലിനെ ആസ്പദമാക്കിയുള്ള കമന്ററിയാണ് അവതരിപ്പിക്കേണ്ടത്.
മലയാള പ്രയോഗങ്ങൾ മാത്രം ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. വാചകഘടന, പദശുദ്ധി, ഉച്ചാരണ മികവ്, ശബ്ദമികവ് എന്നിവ വിജയിയെ നിശ്ചയിക്കുന്നതിന് മാനദണ്ഡമാകും.
ഓരോ വിഭാഗത്തിലും ഒന്നും രണ്ടും സ്ഥാനം നേടുന്നവർക്ക്ആലപ്പുഴ കൈചൂണ്ടി ജങ്ഷനിലെ അലീന ജ്വല്ലറി നൽകുന്ന സ്വർണനാണയം സമ്മാനമായി നൽകും. താല്പര്യമുള്ളവർക്ക് നാലിന് രാവിലെ ഒമ്പതിന് രജിസ്‌ട്രേഷന് സ്‌കൂളിൽ എത്തിച്ചേരണം. കൂടുതൽ ജില്ലാ ഇൻഫർമേഷൻ ഓഫീസിലെ 0477-2251349 എന്ന നമ്പറിലും രജിസ്റ്റർ ചെയ്യാവുന്നതാണ്.
- Log in to post comments