വികസനനയം കാലോചിതമായി പരിഷ്‌കരിക്കും: മന്ത്രി ഷിബു ബേബി ജോണ്‍
കാലോചിതമായമാറ്റങ്ങള്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്തിന്റെ വികസനനയം സമഗ്രമായിപരിഷ്‌കരിക്കുമെന്ന് വനം-വന്യജീവി, നൈപുണ്യവികസന വകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍. പ•ന ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച വികസന ചര്‍ച്ചയില്‍ അധ്യക്ഷതവഹിക്കവേ പുതുവ്യവസായങ്ങള്‍ ആരംഭിക്കുന്നതിന് വിവിധ വകുപ്പുകളുടെ അനുമതി ലഭ്യമാക്കാന്‍ ഏകജാലക സംവിധാനം ആരംഭിക്കുമെന്നും അറിയിച്ചു.
പഞ്ചായത്ത് ഭരണസമിതികള്‍ക്ക് നവീന വികസനപദ്ധതികള്‍ നടപ്പാക്കാന്‍ പ്രത്യേക ഉപദേശകസമിതിയെ നിയോഗിക്കും. മാലിന്യസംസ്‌കരണത്തിന് മെച്ചപ്പെട്ട ശാസ്ത്രീയസംവിധാനങ്ങള്‍ ഒരുക്കും. തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക് നല്‍കേണ്ട ഫണ്ടിന്റെ ആദ്യ ഗഡു ലഭ്യമാക്കും. കൂടുതല്‍ തുക അനുവദിച്ച് ലൈഫ് മിഷന്‍ പദ്ധതി പുനക്രമീകരിക്കും.
പന്മന പഞ്ചായത്തിന് അറവ്ശാലകള്‍, പൊതുശ്മശാനം എന്നിവ ഒരുക്കും. ചവറ സാമൂഹിക ആരോഗ്യകേന്ദ്രം, കുറ്റിവട്ടം ആയുര്‍വേദ ആശുപത്രി എന്നിവയുടെ തുടര്‍വികസനവും ജീവനക്കാരുടെകുറവും പരിഹരിക്കും. ചവറ- പന്മന മേഖലയിലെ പാലിയേറ്റീവ് സബ്‌സെന്ററുകള്‍ വെല്‍നസ് കേന്ദ്രങ്ങളാക്കി മാറ്റും. കിടപ്പ് രോഗികള്‍ക്കായി ഇത്തരംകേന്ദ്രങ്ങളുടെ പ്രവര്‍ത്തനം വിപുലീകരിക്കും.
ഭിന്നശേഷിക്കുട്ടികള്‍ക്കായി മണ്ഡലത്തില്‍ ആരംഭിച്ച ബഡ്‌സ് സ്‌കൂളിന്റെ തുടര്‍വികസനം സാധ്യമാക്കും; കുട്ടികള്‍ക്ക് തൊഴില്‍പരിശീലനവും പുനരധിവാസവും ഉറപ്പാക്കും. മേക്കാട് പാലത്തിന്റെ അപ്പ്രോച്ച്‌റോഡ് നിര്‍മ്മാണം സംബന്ധിച്ച തുടര്‍നടപടികള്‍ സ്വീകരിക്കും. പഞ്ചായത്തിലെ ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്ക് മെച്ചപ്പെട്ട തൊഴില്‍സാഹചര്യം ഒരുക്കുന്നതിന്റെഭാഗമായി സൗജന്യ മെഡിക്കല്‍ക്യാമ്പുകള്‍ നടത്തുകയാണ്.
പഞ്ചായത്ത്‌കെട്ടിടത്തിന്റെ നവീകരണം സാധ്യമാകും. കാട്ടില്‍മേക്കതില്‍ ക്ഷേത്രമേഖലയിലെ ആശുപത്രിനിര്‍മ്മാണം പരിഗണനയിലാണ്. ഖനന പ്രവര്‍ത്തനങ്ങള്‍ക്കായി കെ എം എം എല്‍ ഏറ്റെടുത്ത ഭൂമിക്ക് സമയബന്ധിതമായി പണം അനുവദിക്കണം. വായുമലിനീകരണത്തിനും ജലവിതരണത്തിലെ പ്രശ്‌നങ്ങള്‍ക്കും പരിഹാരംകണ്ടെത്തും; കെ എം എം എലിന്റെ സാമൂഹ്യ സുരക്ഷാനിധിയില്‍ നിന്ന് ജനങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കും. പന്മനയിലെ അംഗനവാടികള്‍ സ്മാര്‍ട്ട് ആക്കും.
വട്ടക്കായല്‍ വിനോദസഞ്ചാര പദ്ധതി വിപുലീകരിക്കും. കെഎസ്ഇബിക്ക് ഓഫീസ് നിര്‍മ്മിക്കും. ചവറ മണ്ഡലത്തിലെ വിവിധ വികസനവിഷയങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ സമഗ്രപദ്ധതി നടപ്പാക്കുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു.
പന്മന ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സന്തോഷ് തുപ്പാശ്ശേരി, വൈസ് പ്രസിഡന്റ് ഷംനാ റാഫി, സ്ഥിരംസമിതി അധ്യക്ഷനായ അന്‍വര്‍ കാട്ടില്‍, കൊച്ചുറ്റയില്‍ സലീം, സുകന്യ, പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments