സ്വച്ഛതാ ഹീ സേവാ പുരസ്‌ക്കാരം പൊതുവിദ്യാഭ്യാസ വകുപ്പ് വൊക്കേഷണൽ ഹയർ സെക്കന്ററി നാഷണൽ സർവ്വീസ് സ്‌കീം സെല്ലിന്
കേന്ദ്ര സ്‌പോർട്സ് യുവജനകാര്യ മന്ത്രാലയം നടപ്പിലാക്കിയ സ്വച്ഛതാ ആക്ഷൻ പ്ലാനിന്റെ ഭാഗമായി റീജിയണൽ ഡയറക്ടറേറ്റ് മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെ നടപ്പിലാക്കിയ സ്വച്ഛതാ ഹി സേവാ ഡയറക്ടറേറ്റ് തല പുരസ്‌ക്കാരം ഒന്നാം സ്ഥാനം വൊക്കേഷണൽ ഹയർ സെക്കന്ററി ഡയറക്ടറേറ്റ് കരസ്ഥമാക്കി.
പൊതുവിദ്യാഭ്യാസ വകുപ്പ് വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗത്തിനു കീഴിലെ സ്‌കൂളുകൾ നടപ്പിലാക്കിയ ശുചിത്വ പ്രവർത്തനങ്ങളും, പ്ലാസ്റ്റിക്ക് ഉപയോഗം കുറയ്ക്കാനും, ഒഴിവാക്കാനും, ഉപയോഗം കഴിഞ്ഞ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ശേഖരിക്കാനും നടത്തിയ ശ്രമങ്ങളാണ് ഡയറക്ടറേറ്റിനെ ഈ പുരസ്‌കാരത്തിന് അർഹമാക്കിയത്.
വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗത്തിന് കീഴിലെ എറണാകുളം ജില്ലയിലെ ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി ഇരിങ്ങോൾ സ്‌കൂൾ ഒന്നാം സ്ഥാനവും, ഇടുക്കി ജില്ലയിലെ ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി തൊടുപുഴ സ്‌കൂൾ രണ്ടാം സ്ഥാനവും സംസ്ഥാന തലത്തിൽ കരസ്ഥമാക്കി. തിരുവനന്തപുരം ജില്ലയിലെ ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂൾ ആലംകോട്, തൃശൂർ ജില്ലയിലെ ഇസ്ലാമിക് വി.എച്ച്.എസ് സ്‌കൂൾ ഒരുമനയൂർ എന്നീ യൂണിറ്റുകൾ മൂന്നാം സ്ഥാനത്തിനും അർഹരായി കൂടാതെ കാസർഗോഡ് ജില്ലയിലെ ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂൾ തൃക്കരിപ്പൂർ, പി.എം.എസ്.എ പി.റ്റി.എസ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂൾ കൈക്കോട്ടുകടവ്, തൃശൂർ ജില്ലയിലെ ഗവ. മോഡൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂൾ ഇരിങ്ങാലക്കുട, കോഴിക്കോട് ജില്ലയിലെ എം.എം. വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂൾ പരപ്പിൽ എന്നീ യൂണിറ്റുകൾ പ്രോത്സാഹന സമ്മാനത്തിനും അർഹരായി.
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്ക് കോളേജിൽ നടന്ന ചടങ്ങിൽ കേരള ജല വിഭവ ഭവന നിർമ്മാണ മന്ത്രി മോൻസ് ജോസഫിൽ നിന്ന് വി.എച്ച്.എസ്.ഇ ഡെപ്യൂട്ടി ഡയറക്‌ടർ കെ. വി. മനോജ്, എൻ.എസ്.എസ് പ്രോഗ്രാം കോർഡിനേറ്റർ ജഫീഷ് ജെ എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി. മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റി വൈസ് ചാൻസിലർ പ്രൊഫ. ഡോ. ഡി മാവൂത്ത്, എൻ.എസ്.എസ് റീജിയണൽ ഡയറക്‌ടർ വൈ. എം. ഉപ്പിൻ, യൂത്ത് ഓഫീസർ പീയുഷ് പരജ്ഞപൈ, എം ജി യൂണിവേഴ്‌സിറ്റി എൻ.എസ്.എസ് പ്രോഗ്രാം കോർഡിനേറ്റർ ഡോ. ഇ. എൻ. ശിവദാസൻ, സിൻഡിക്കേറ്റ് മെമ്പർമാർ, കോളേജ് പ്രിൻസിപ്പൽ ഡോ. ബിനോ. പി ജോസ് എന്നിവർ പങ്കെടുത്തു.
പി.എൻ.എക്‌സ്. 2918/2026
- Log in to post comments