ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശന വിലക്ക്
മഴ ശക്തമായി തുടരുന്നതിനാല്‍ അപകടസാധ്യത കണക്കിലെടുത്ത് കണ്ണൂര്‍ ജില്ലയിലെ വിനോദസഞ്ചാര- ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ സന്ദര്‍ശകരുടെ പ്രവേശനത്തിന് വിലക്കേര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ ഉത്തരവിറക്കി. ജില്ലയിലെ ഡിടിപിസി, വനംവകുപ്പ് എന്നിവയുടെ നിയന്ത്രണത്തിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലാണ് പ്രവേശന വിലക്കേര്‍പ്പെടുത്തിയത്. ഇവയുടെ നിയന്ത്രണത്തിലുള്ള ജലാശയങ്ങളില്‍ കുളിക്കാനിറങ്ങുന്നതും കടല്‍ത്തീരങ്ങളിലും പുഴകളിലും വിനോദ പരിപാടികളില്‍ ഏര്‍പ്പെടുന്നതും വിലക്കിയിട്ടുണ്ട്. ഹൗസ്‌ബോട്ട്, ട്രക്കിംഗ്, ബോട്ടിംഗ്, കയാക്കിംഗ്, റാഫ്റ്റിംഗ് എന്നിവയ്ക്കും നിരോധനമുണ്ട്.
ഇതുമായി ബന്ധപ്പെട്ട് ആവശ്യമായ ക്രമീകരണങ്ങള്‍ വരുത്താന്‍ ഡിടിപിസി സെക്രട്ടറി, ഡിഎഫ്ഒ, ആറളം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എന്നിവര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.
വെള്ളച്ചാട്ടം, ജലാശയങ്ങളുമായി ബന്ധപ്പെട്ട മറ്റു വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എന്നിവയിലേക്കുള്ള സന്ദര്‍ശകരുടെ പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ഡിടിപിസി അറിയിച്ചു. കടല്‍ ക്ഷോഭത്തിനുള്ള സാധ്യത കണക്കിലെടുത്ത് ജില്ലയിലെ ബീച്ചുകളിലേക്ക് ഉള്‍പ്പെടെ ഉള്ള യാത്ര ഒഴിവാക്കണമെന്നും ഡിടിപിസി അറിയിച്ചു. ബീച്ചുകളോട് അനുബന്ധിച്ചുള്ള പാര്‍ക്കുകള്‍ ഉള്‍പ്പെടെ താല്‍ക്കാലികമായി അടച്ചിട്ടിട്ടുണ്ട്. മുഴപ്പിലങ്ങാട് ബീച്ചിലേക്കുള്ള വാഹനങ്ങളുടെ പ്രവേശനത്തിനും നിലവില്‍ നിരോധനമുണ്ട്.
- Log in to post comments