Skip to main content

മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള അറിയിപ്പ്

സംസ്ഥാനത്തെ മഴക്കെടുതി സംബന്ധിച്ച് റവന്യു മന്ത്രിയുമായും ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരുമായും ജില്ലാ ഭരണകൂടവുമായും ആശയവിനിമയം തുടരുന്നു. ഇന്നലത്തെ അപേക്ഷിച്ച് മഴ കുറഞ്ഞത് ആശ്വാസകരമാണ്. വെള്ളം കയറിയ സ്ഥലങ്ങളിലെ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. രാഷ്ട്രീയ പ്രവർത്തകരും സന്നദ്ധ സംഘടനകളും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളാകണം. സർക്കാരിന്റെ എല്ലാ പിന്തുണയുമുണ്ടാകും.

ഏറ്റവും പുതിയ കണക്കനുസരിച്ച് എട്ട് മരണം സ്ഥിരീകരിച്ചു. എട്ടു പേരെ കാണാതായിട്ടുണ്ട്. 13 പേർക്ക് പരുക്കേറ്റു. 209 ദുരിതാശ്വാസ ക്യാമ്പുകളിലായി 5792 പേരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. 27 വീടുകൾ പൂർണമായും 196 വീടുകൾ ഭാഗീകമായും തകർന്നു. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കും വീടും ജീവനോപാദികളും നഷ്ടപ്പെട്ടവർക്കും സർക്കാർ സഹായം ഉറപ്പാക്കും.

മലയോര മേഖലകളിൽ ജാഗ്രത തുടരണം. മഴയുടെ അളവ് കുറഞ്ഞെങ്കിലും ഏതു സാഹചര്യവും നേരിടാനുള്ള മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ട്. ജനപ്രതിനിധികളും സന്നദ്ധ പ്രവർത്തകരും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി രംഗത്തുണ്ട്. ഏതാവശ്യത്തിനും സർക്കാർ സംവിധാനങ്ങളുമായി ബന്ധപ്പെടാം. (അറിയിപ്പ് തീയതി, സമയം: 02/08/2026, 10:00 AM)

പി.എൻ.എക്‌സ്. 2929/2026

date