Skip to main content

കണ്ണൂർ, കാസർഗോഡ് തീരങ്ങളിൽ ഉയർന്ന തിരമാല മുന്നറിയിപ്പ്; കടലാക്രമണ സാധ്യത, ജാഗ്രത പാലിക്കണം

കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരങ്ങളിൽ ഇന്ന് (ഓഗസ്റ്റ് 2) വൈകുന്നേരം 5.30 വരെ 2.7 മുതൽ 3.5 മീറ്റർ വരെ ഉയരമുള്ള തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. വളപ്പട്ടണം മുതൽ ന്യൂമാഹി വരെയുള്ള കണ്ണൂർ തീരത്തും കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെയുള്ള കാസർഗോഡ് തീരത്തുമാണ് മുന്നറിയിപ്പ് ബാധകമായിരിക്കുന്നത്. കടലാക്രമണ സാധ്യത കണക്കിലെടുത്ത് മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറിത്താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലിറക്കരുതെന്നും തിരമാല ശക്തമായ സമയത്ത് മത്സ്യബന്ധന യാനങ്ങൾ കടലിലിറക്കുന്നതും കരയ്ക്കടുപ്പിക്കുന്നതും ഒഴിവാക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. INCOIS മുന്നറിയിപ്പ് പിൻവലിക്കുന്നതുവരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരവും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണം. മത്സ്യബന്ധന യാനങ്ങൾ ഹാർബറുകളിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണമെന്നും വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കണമെന്നും മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും നിർദേശമുണ്ട്. തീരശോഷണത്തിനും സാധ്യതയുള്ളതിനാൽ തീരദേശവാസികൾ പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

പി.എൻ.എക്‌സ്. 2932/2026

date