Skip to main content

മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി  വിപുലീകരിച്ചു; ഉദ്ഘാടനം 6 ന്

കേരള ഫിനാൻഷ്യൽ കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ വിപുലീകരിച്ച 'മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി'യുടെ  ഔദ്യോഗിക ഉദ്ഘാടനവും പദ്ധതി പ്രകാരമുള്ള ആദ്യ വായ്പകളുടെ വിതരണവും ഓഗസ്റ്റ് 6 വ്യാഴാഴ്ച നടക്കും. തിരുവനന്തപുരം തൈക്കാട് ലെമൺ ട്രീ പ്രീമിയർ ഹോട്ടലിൽ ഉച്ചയ്ക്ക് 12 ന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി  വി ഡി സതീശൻ പദ്ധതി ഉദ്ഘാടനം ചെയ്യും.

സംസ്ഥാനത്തെ സംരംഭകത്വത്തെയും ചെറുകിട-ഇടത്തരം വ്യവസായ മേഖലയെയും കൂടുതൽ ശക്തിപ്പെടുത്തുന്നതിനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായാണ് പദ്ധതി വിപുലീകരിച്ചത്. 5 കോടി രൂപ വരെയുള്ള വായ്പകൾ 6 ശതമാനം പലിശ നിരക്കിൽ ലളിതമായ വ്യവസ്ഥകളോടെ അതിവേഗം ലഭ്യമാക്കുന്നതാണ് ഈ പദ്ധതി.

ചടങ്ങിൽ കെ എഫ് സി സംരംഭകർക്കുള്ള പ്ലാറ്റിനം/ഗോൾഡ്/സിൽവർ/പിങ്ക് കാർഡ് വിതരണം  ഗതാഗത വകുപ്പ് മന്ത്രി  സി പി ജോൺ നിർവഹിക്കും.  ഏറ്റവും മികച്ച ബ്രാഞ്ചിനുള്ള അവാർഡ്  ഡോ. ശശി തരൂർ എം പി വിതരണം ചെയ്യും.  കെ എഫ് സി എക്‌സിക്യൂട്ടീവ് ഡയറക്ടർ  പ്രേംനാഥ് രവീന്ദ്രനാഥ്  പദ്ധതിയുടെ അവതരണം നടത്തും. ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എം വിൻസെന്റ് എം എൽ എ, കെ എഫ് സി മാനേജിങ് ഡയറക്ടർ  ഉമേഷ് എൻ എസ്, അഡീഷണൽ ചീഫ് സെക്രട്ടറി (ഫിനാൻസ്)  കെ ആർ ജ്യോതിലാൽ, സെക്രട്ടറി (ഫിനാൻസ് റിസോഴ്‌സസ്) അജിത് പാട്ടീൽ,  കൗൺസിലർ കെ ആർ ക്ലീറ്റസ്, കെ എഫ് സി ജനറൽ മാനേജർ രഞ്ജിത്കുമാർ ഇ ആർ തുടങ്ങിയവർ പങ്കെടുക്കും.

പി.എൻ.എക്‌സ്. 2993/2026

date