ആർ.സി.സിയിൽ വിവിധ തസ്തികകളിൽ ഒഴിവുകൾ
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ (ആർ സി സി) സൈക്കോളജിസ്റ്റ്, റേഡിയോതെറാപ്പി ടെക്നോളജിസ്റ്റ്, ഓപ്പറേഷൻ തിയേറ്റർ ടെക്‌നീഷ്യൻ തസ്തികകളിലായി ഒഴിവുകളിലേക്ക് അർഹരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. നാഷണൽ എംപ്ലോയ്‌മെന്റ് സർവീസിന്റെ പ്രൊഫഷണൽ & എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് ഓഫീസ് വഴിയാണ് നിയമന നടപടികൾ.
സൈക്കോളജിസ്റ്റ് തസ്തികയിൽ ഓപ്പൺ വിഭാഗത്തിന് സംവരണം ചെയ്ത ഒരു ഒഴിവാണുള്ളത്. 2026 ജനുവരി 1-ന് 41 വയസ് കവിയരുത് (നിയമാനുസൃത വയസിളവ് ബാധകം). പ്രതിമാസ ശമ്പളം 45,000 രൂപ. യു ജി സി അംഗീകൃത സർവകലാശാലയിൽ നിന്ന് ക്ലിനിക്കൽ സൈക്കോളജിയിൽ എം എസ്‌സി/ എം എ, കാൻസർ ആശുപത്രിയിലോ മെഡിക്കൽ കോളേജിലോ ഒരു വർഷത്തെ പ്രവൃത്തിപരിചയം, റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ (RCI) സാധുവായ ലൈസൻസ് രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത. ആഗസ്റ്റ് 7-നകം ബന്ധപ്പെട്ട പ്രൊഫഷണൽ & എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ അസൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണം.
റേഡിയോതെറാപ്പി ടെക്നോളജിസ്റ്റ് തസ്തികയിൽ ഓപ്പൺ വിഭാഗത്തിന് രണ്ട് ഒഴിവുകളും ഈഴവ, മുസ്ലിം, ലത്തീൻ കത്തോലിക്കർ/ ആംഗ്ലോ ഇന്ത്യൻ, ഒ ബി സി വിഭാഗങ്ങൾക്ക് ഓരോ ഒഴിവ് വീതവുമുണ്ട്. 2026 ജനുവരി 1-ന് 41 വയസ് കവിയരുത്. ശമ്പളം 25,750 രൂപ. AERB അംഗീകരിച്ച ബിഎസ്‌സി എം ആർ ടി അല്ലെങ്കിൽ തത്തുല്യ യോഗ്യത, അല്ലെങ്കിൽ ശാസ്ത്ര വിഷയത്തിൽ ബിരുദത്തോടൊപ്പം ഡിപ്ലോമ ഇൻ റേഡിയോളജിക്കൽ ടെക്നീഷ്യൻ/ സർട്ടിഫൈഡ് റേഡിയോളജിക്കൽ അസിസ്റ്റന്റ് കോഴ്സും ഒരു വർഷത്തെ പ്രവൃത്തിപരിചയവും, കമ്പ്യൂട്ടർ പരിജ്ഞാനവും IMRT (Intensity modulated Radiotherapy) തുടങ്ങിയ അഡ്വാൻസ്ഡ് റേഡിയോതെറാപ്പി സാങ്കേതികവിദ്യകളിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയവും നിർബന്ധമാണ്. ആഗസ്റ്റ് 6-നകം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ റിപ്പോർട്ട് ചെയ്യണം.
ഓപ്പറേഷൻ തിയേറ്റർ ടെക്‌നീഷ്യൻ തസ്തികയിൽ ഓപ്പൺ വിഭാഗത്തിന് ഒരു ഒഴിവാണുള്ളത്. 2026 ജനുവരി 1-ന് 41 വയസ് കവിയരുത്. ശമ്പള സ്‌കെയിൽ 25,750 രൂപ. അംഗീകൃത സർവകലാശാലയിൽ നിന്ന് ബി എസ്‌സി ഓപ്പറേഷൻ തിയേറ്റർ ടെക്‌നോളജി ബിരുദവും 300 കിടക്കകളുള്ള മൾട്ടി-സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും, അല്ലെങ്കിൽ കേരള സർക്കാർ അംഗീകരിച്ച ഡിപ്ലോമ ഇൻ ഓപ്പറേഷൻ തിയേറ്റർ ടെക്നോളജി യോഗ്യതയും അഞ്ച് വർഷത്തെ പ്രവൃത്തിപരിചയവും വേണം. ആഗസ്റ്റ് 7-നകം ബന്ധപ്പെട്ട പ്രൊഫഷണൽ & എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ അസൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണം.
നിലവിൽ ജോലി ചെയ്യുന്നവർ എല്ലാ തസ്തികകളിലും ബന്ധപ്പെട്ട സ്ഥാപനമേധാവിയുടെ എൻ ഒ സി ഹാജരാക്കണം. റേഡിയോതെറാപ്പി ടെക്നോളജിസ്റ്റ് തസ്തികയിൽ ഡിപ്ലോമ യോഗ്യതയുള്ള തിരുവനന്തപുരം ജില്ലക്കാരെ മാത്രമാണ് നേരിട്ട് പരിഗണിക്കുക. മറ്റ് ജില്ലകളിലെ ഡിപ്ലോമ യോഗ്യതയുള്ളവർ അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുമായി റിപ്പോർട്ട് ചെയ്താൽ മതിയാകും.
പി.എൻ.എക്‌സ്. 2997/2026
- Log in to post comments