റോഡുകളും പാലങ്ങളും യുദ്ധകാലാടിസ്ഥാനത്തില്‍ അറ്റകുറ്റപ്പണി നടത്തണം: മന്ത്രി അനൂപ് ജേക്കബ്
തിരുവനന്തപുരം : റോഡുകളും പാലങ്ങളും കലുങ്കുകളും യുദ്ധകാലാടിസ്ഥാനത്തില്‍ അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ് നിര്‍ദ്ദേശം നല്‍കി. പ്രകൃതിദുരന്തങ്ങള്‍ ഉണ്ടാകുംവരെ കാത്തിരിക്കാതെ, ആഘാതം കുറയ്ക്കാനുള്ള സുരക്ഷാ മുന്‍കരുതല്‍ അടിയന്തരമായി സ്വീകരിക്കണം.
ജില്ലയിലെ എംഎല്‍എമാരും എംപിമാരും കലക്ടറും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത ഓണ്‍ലൈന്‍ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഇടുക്കി ജില്ലയുടെ ചുമതലയുള്ള മന്ത്രി. ഡാമുകളുടെ പൊതുവായ സ്ഥിതിയും റോഡുകളുടെ അപകടാവസ്ഥയും ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവര്‍ത്തനവും പുനരധിവാസവും അപകടകരമായ മരങ്ങള്‍ മുറിച്ചു മാറ്റല്‍ ഉള്‍പ്പെടെയുളള വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹാര മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി.
28 വില്ലേജുകള്‍ ദുരന്തബാധിതമാണ്. 19 ദുരിതാശ്വാസ ക്യാമ്പുകളിലായി 138 കുടുംബങ്ങളിലെ 326 പേരുണ്ട്. ഇന്നലെവരെയുള്ള (04-8-26) കണക്കുപ്രകാരം 46 പൊതുമരമത്ത് റോഡുകള്‍ക്ക് നാശമുണ്ടായി. 9 കോടിയുടെ നഷ്ടം കണക്കാക്കുന്നു. 71 തദ്ദേശറോഡുകള്‍ തകര്‍ന്നതില്‍ ഒരു കോടിയുടെ നഷ്ടമെന്നാണ് പ്രഥമിക കണക്ക്. 33 ഹെക്ടറിലെ കൃഷിനാശത്തില്‍ 1.36 കോടിയുടെ നഷ്ടമുണ്ടായി. പരുക്കേറ്റവരുടെ മുഴുവന്‍ ചികില്‍സയും സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. ആവശ്യമുള്ളവര്‍ക്ക് വിദഗ്ധ ചികില്‍സ നല്‍കും. മഴമുന്നറിയിപ്പുകള്‍ അടിക്കടി മാറാമെന്നതിനാല്‍ ജാഗ്രതവേണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.
ദുരിതാശ്വാസ ക്യാമ്പുകളിലെ സൗകര്യങ്ങളെപ്പറ്റി നിലവില്‍ പരാതികളില്ലെന്ന് മന്ത്രി പറഞ്ഞു. തിരിച്ചെത്തിയാലും അവര്‍ക്ക് എല്ലാ സഹായങ്ങളും ലഭിക്കുന്നുവെന്ന് തദ്ദേശസ്ഥാപനങ്ങള്‍ ഉറപ്പാക്കണം. റോഡുകള്‍ നന്നാക്കാന്‍ ഉടന്‍തന്നെ എസ്റ്റിമേറ്റ് തയാറാക്കി കലക്ടര്‍ക്ക് നല്‍കണം. മൂന്നാര്‍ സിഎസ്‌ഐ പള്ളിക്ക് സമീപം അപകടാവസ്ഥയിലുള്ള മണ്‍തിട്ട നീക്കംചെയ്യാന്‍ അടിയന്തരനടപടി വേണം. ഇതിനായി ദേശീയപാത, പൊതുമരാമത്ത്, റവന്യൂ ഉദ്യോഗസ്ഥര്‍ ഉടന്‍ സംയുക്തപരിശോധന നടത്താനും മന്ത്രി നിര്‍ദ്ദേശിച്ചു. മൂന്നാറിലെ പാലം അപ്രോച്ച് റോഡിന്റെ പണി വേഗത്തില്‍ തീര്‍ക്കാന്‍ തദ്ദേശ, പൊതുമരാമത്ത് വകുപ്പുകള്‍ നടപടി സ്വീകരിക്കണം. പുല്ലുപാറ- അമലഗിരി ഭാഗത്തെ റോഡിന്റെ അടിഭാഗം മണ്ണ് ഒലിച്ചുപോകുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ അടിയന്തര നടപടി വേണം.
കെ.കെ. റോഡിലെ മണ്ണിടിച്ചിലുള്ള ഭാഗത്ത് പൊതുമരാമത്ത് വകുപ്പ് ഭിത്തികെട്ടണമെന്നും അതിന്റെ ചെലവ് തിരിച്ചുനല്‍കാമെന്നും ദേശീയപാത പ്രൊജക്ട് ഡയറക്ടര്‍ അറിയിച്ചു. ഇക്കാര്യത്തില്‍ ഉടന്‍തന്നെ എസ്റ്റിമേറ്റ് കലക്ടര്‍ക്ക് സമര്‍പ്പിക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചു. അപകടാവസ്ഥയിലുള്ള മരങ്ങള്‍ വെട്ടിമാറ്റണം. അപകടമേഖലയില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്ക് വീടും ഭൂമിയും ലഭ്യമാക്കി സ്ഥിരമായി മാറ്റിപാര്‍പ്പിക്കുന്നതില്‍ സാധ്യതാ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. വാഗമണ്ണില്‍ മണ്ണിടിയുന്ന ഭാഗത്തെ 4 കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. ഇടുക്കി മണ്ഡലത്തിലുള്ള 23 കുടുംബങ്ങള്‍ക്കു ക്യാമ്പില്‍നിന്ന് തിരിച്ചുപോയി താമസിക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ട്. അവര്‍ക്ക് ഭൂമിയും വീടും നല്‍കി പുനരധിവസിപ്പിക്കുന്നതില്‍ തദ്ദേശവകുപ്പിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
ഇല്ലിക്കക്കല്ല് റോഡ് സഞ്ചാരയോഗ്യമല്ലാത്തതിനാല്‍, അവിടെയുള്ള ആദിവാസി കടുംബങ്ങളെ മാറ്റിപാര്‍പ്പിക്കണം. ഇവര്‍ക്ക് പകരം ഭൂമി നല്‍കി പുനരധിവസിപ്പിക്കുന്നതില്‍ ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാമെന്ന് കലക്ടര്‍ അറിയിച്ചു. തൊടുപുഴ പന്നിമറ്റത്ത് മണ്‍ഭിത്തി ഇടിഞ്ഞ് അപകടാവസ്ഥയിലുള്ള രണ്ട് വീട്ടുകാരെ മാറ്റിപാര്‍പ്പിക്കുന്നതില്‍ ഇടപെടണമെന്ന് മന്ത്രി കലക്ടറോടു നിര്‍ദ്ദേശിച്ചു.
മുല്ലപ്പെരിയാര്‍ ജലം കൊണ്ടുപോകുന്ന ആനവച്ചാല്‍ കനാല്‍ ഷട്ടര്‍ ഉയര്‍ത്താത്തതിനാല്‍, വെള്ളക്കെട്ടിനു സാധ്യതയുണ്ട്. പരമാവധി ജലം കൊണ്ടുപോകണമെന്ന് തമിഴ്‌നാടിനു കത്തു നല്‍കാമെന്ന് കലക്ടര്‍ അറിയിച്ചു. ഈ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മന്ത്രി അറിയിച്ചു. മലങ്കര ഡാമിന്റെ അഞ്ച് ഷട്ടറുകളും 50 സെ.മീ. ഉയര്‍ത്തിവച്ചിരിക്കുകയാണ്. ഡാമുകളിലെ ജലനിരപ്പ് നിരന്തരം നീരീക്ഷിച്ച് ആവശ്യമെങ്കില്‍ അധികജലം ഒഴുക്കിക്കളയണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.
കല്ലാര്‍, കല്ലാര്‍കുട്ടി, മലങ്കര, ലോവര്‍പെരിയാര്‍ ഡാമുകളാണു നിരീക്ഷണത്തിലുള്ളത്. ഇടുക്കി ഡാമില്‍ 48% വെള്ളമുള്ളതിനാല്‍, ഒഴുക്കിവിടേണ്ട സാഹചര്യമില്ലെന്നു യോഗം വിലയിരുത്തി.
ഡീന്‍ കുര്യാക്കോസ് എം.പി., എംഎല്‍എമാരായ റോയ് കെ. പൗലോസ്, സേനാപതി വേണു, സിറിയക് തോമസ്, എസ്. രാജ, കലക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് തുടങ്ങിയവരും ജില്ലയിലെ വകുപ്പുമേധാവികളും സംബന്ധിച്ചു.
- Log in to post comments