റോഡ്‌സുരക്ഷ നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടി: ജില്ലാ കലക്ടര്‍
ഗതാഗതനിയമലംഘനം റോഡ് സുരക്ഷയ്ക്ക് വെല്ലുവിളിയാകുന്ന പശ്ചാത്തലത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ ആനി ജൂല തോമസ് മുന്നറിയിപ്പ് നല്‍കി. ചേമ്പറില്‍ ചേര്‍ന്ന റോഡ് സുരക്ഷാ സമിതിയോഗത്തില്‍ അധ്യക്ഷയായ ജില്ലാ കലക്ടര്‍ അപകടസാധ്യത ഉയര്‍ത്തുന്ന ബസ് സ്റ്റോപ്പുകള്‍ പുന:ക്രമീകരിക്കുമെന്നും വ്യക്തമാക്കി.
കര്‍ബല ബാലികാമറിയം സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് റോഡ് മുറിച്ച്കടക്കാന്‍ സഹായകമായതരത്തില്‍ ട്രാഫിക് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. കടവൂര്‍ മുട്ടത്ത്മൂല റോഡില്‍ കെ എസ് ഇ ബിയുടെ ട്രാന്‍സ്ഫോര്‍മറിന്റെ സ്ഥാനംമാറ്റിയുള്ള സുഗമഗതാഗത സാധ്യതകള്‍ പരിശോധിക്കും. മണ്‍റോതുരുത്ത് കനറാബാങ്ക് ജംഗ്ഷനില്‍ അപകടങ്ങള്‍ കുറയ്ക്കാന്‍ പുതിയ ട്രാഫിക് സംവിധാനം ഏര്‍പ്പെടുത്തും. മേവറം ദേശീയപാതയിലെ പള്ളിമുക്ക്-പോളയത്തോട് ജംഗ്ഷനുകളിലെ ഗതാഗതകുരുക്ക് പരിഹരിക്കാനും നടപടി സ്വീകരിക്കും.
അഞ്ചല്‍ ഏരൂര്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, അഞ്ചാലുംമൂട് സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളുടെ പരിസരങ്ങളില്‍ കൂടുതല്‍ സുരക്ഷാക്രമീകരണങ്ങള്‍ ഉറപ്പാക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. എന്‍ഫോഴ്സ്മെന്റ് ആര്‍ ടി ഒ എ കെ ദിലു, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments