വനാതിർത്തി മേഖലകളിലെ ജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ റവന്യൂ-വനം മന്ത്രിതല സംയുക്ത യോഗം
വനാതിർത്തി പങ്കിടുന്ന ജനവാസ മേഖലകളിൽ നിലനിൽക്കുന്ന ഭൂപ്രശ്‌നങ്ങൾ, വിവിധ അനുമതികൾ നൽകുന്നതിനുള്ള കാലതാമസം തുടങ്ങിയ പ്രശ്‌നങ്ങൾക്ക് സമയബന്ധിതമായി പരിഹാരം കാണുന്നതിനും വനാതിർത്തി സംബന്ധമായ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുമായി വനം-വന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബിജോണിന്റെയും റവന്യു വകുപ്പ് മന്ത്രി എ പി അനിൽകുമാറിന്റെയും നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു.
കാലതാമസം വന്നിട്ടുള്ള എൻഒസികൾ സമയബന്ധിതമായി തീർപ്പാക്കാനും വനം വകുപ്പ് അദാലത്തുകളിൽ റവന്യൂ വകുപ്പിന്റെ പങ്കാളിത്തം ഉറപ്പുവരുത്താനും യോഗത്തിൽ തീരുമാനമായി. വനാതിർത്തി പ്രദേശങ്ങളിൽ വനം-റവന്യൂ വകുപ്പുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ സർവ്വേ നടപടികൾ ഊർജ്ജിതമാക്കും. സർവ്വേയർമാരുടെ ക്ഷാമം പരിഹരിക്കാൻ താൽക്കാലികാടിസ്ഥാനത്തിൽ സർവ്വേയർമാരെ നിയമിക്കുമെന്ന് റവന്യൂ മന്ത്രി ഉറപ്പു നൽകി.
രണ്ടു വകുപ്പുകളും സംയുക്തമായി തീരുമാനമെടുക്കേണ്ട പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഇരുവകുപ്പുകളുടെയും ഉന്നത ഉദ്യോഗസ്ഥർ അടങ്ങിയ കമ്മിറ്റി രൂപീകരിക്കും. വ്യക്തികൾ തമ്മിലുള്ള ഭൂപ്രശ്‌നങ്ങൾ പരിഹരിക്കാൻ റവന്യൂ വകുപ്പിന്റെയും വനം വകുപ്പിന്റെയും പങ്കാളിത്തത്തോടെ സെറ്റിൽമെന്റ് ഓഫീസർമാരെ നിയമിക്കാനും യോഗം തീരുമാനിച്ചു. വനം-റവന്യൂ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
പി.എൻ.എക്‌സ്. 3037/2026
- Log in to post comments