നെഹ്‌റുട്രോഫി വള്ളംകളി: ഓൺലൈൻ ടിക്കറ്റ് വില്‍പ്പന ജി. സുധാകരൻ എംഎൽഎ ഉദ്ഘാടനം ചെയ്തു മൂന്ന് ബാങ്കുകൾ വഴി ടിക്കറ്റ് ഓൺലൈനായി എടുക്കാം
ആഗസ്റ്റ് 22ന് പുന്നമടക്കായലില്‍ നടക്കുന്ന 72-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഓൺലൈൻ ടിക്കറ്റ് വില്‍പ്പന ജി. സുധാകരൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന ചടങ്ങിൽ നെഹ്റുട്രോഫി ബോട്ട് റേസ് സൊസൈറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ ഷാജി വി നായർ അധ്യക്ഷത വഹിച്ചു. നെഹ്റുട്രോഫി വള്ളംകളിക്കുള്ള എല്ലാ ഒരുക്കങ്ങളും മികച്ച രീതിയിൽ പുരോഗമിക്കുകയാണെന്നും ഈ വർഷത്തെ വള്ളംകളി വൻവിജയമാകട്ടെയെന്നും എംഎൽഎ ആശംസിച്ചു. എസ്ബിഐ, ഫെഡറൽ ബാങ്ക്, കേരള ഗ്രാമീൺ ബാങ്ക് എന്നീ ബാങ്കുകള്‍ വഴിയാണ് ഓണ്‍ലൈൻ ടിക്കറ്റ് ലഭിക്കുക. എല്ലാ വിഭാഗത്തിലുള്ള ടിക്കറ്റും ഓൺലൈനായി ലഭിക്കും. www. nehrutrophy.nic.in എന്ന് നെഹ്റുട്രോഫി ബോട്ട് റേസ് സൊസൈറ്റിയുടെ വെബ്സൈറ്റിൽ പ്രവേശിച്ച് ഓൺലൈൻ ടിക്കറ്റ് എടുക്കാനാവും.
ഉദ്ഘാടന ചടങ്ങിൽ ആലപ്പുഴ ആർ ഡി ഒയും എൻടിബിആർ സൊസൈറ്റി സെക്രട്ടറിയുമായ എം ജെ മോബി, എഡിഎം സി പ്രേംജി, ഫെഡറൽ ബാങ്ക് ആലപ്പുഴ റീജിയണൽ ഓഫീസ് ഡെ. വൈസ് പ്രസിഡന്റ് വിപിൻ വി ഉണ്ണിത്താൻ, ആലപ്പുഴ ശാഖ മാനേജർ ശ്രീജ, കേരള ഗ്രാമീൺ ബാങ്ക് ആലപ്പുഴ ശാഖ സീനിയർ മാനേജർ ഐശ്വര്യ അശോകൻ, അസി. മാനേജർ അപർണ, എസ് ബി ഐ റീജിയണൽ ഓഫീസ് ചീഫ് മാനേജർ വിഷ്ണു പി. നായ്ക്, അസി. മാനേജർ ലക്ഷ്മി നാരായൺ, എൻടിബിആർ സൊസൈറ്റി എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
- Log in to post comments