Skip to main content
മാമ്പുഴയില്‍ കീഴ്മാട് ഭാഗത്ത് മന്ത്രി പി.സി വിഷ്ണുനാഥ് സന്ദര്‍ശനം നടത്തുന്നു

മാമ്പുഴ മാസ്റ്റര്‍ പ്ലാനില്‍ ടൂറിസം സാധ്യതകള്‍ ഉള്‍പ്പെടുത്തും -മന്ത്രി പി.സി വിഷ്ണുനാഥ്

കുന്ദമംഗലം നിയോജക മണ്ഡലത്തിലെ മാമ്പുഴ (കല്ലായി പുഴ) സംരക്ഷണ-പുനരുജ്ജീവന മാസ്റ്റര്‍ പ്ലാനില്‍ ടൂറിസം സാധ്യതകള്‍ കൂടി ഉള്‍പ്പെടുത്തി പദ്ധതി വിപുലമാക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കുമെന്ന് ടൂറിസം-സാംസ്‌കാരിക വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥ്. പെരുവയല്‍ ഗ്രാമപഞ്ചായത്തിലെ കീഴ്മാട് ഭാഗത്ത് മാമ്പുഴ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. എം.എ റസാഖ് മാസ്റ്റര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ ടൂറിസം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി പ്രത്യേക യോഗം ചേര്‍ന്ന് മാമ്പുഴയുടെ ടൂറിസം സാധ്യതകള്‍ വിശദമായി പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. 
മാമ്പുഴയെ പരിസ്ഥിതി സംരക്ഷണത്തിന്റെയും വിനോദസഞ്ചാര വികസനത്തിന്റെയും മാതൃകാ പദ്ധതിയായി ഉയര്‍ത്താനുള്ള സാധ്യതകളാണ് സര്‍ക്കാര്‍ പരിശോധിക്കുന്നത്. പ്രകൃതിഭംഗിയും ജലസ്രോതസ്സും പ്രയോജനപ്പെടുത്തി ഇക്കോ ടൂറിസം, കയാക്കിങ്, ജലവിനോദങ്ങള്‍, പൈതൃക ടൂറിസം എന്നിവ ഉള്‍പ്പെടെയുള്ള വിവിധ സാധ്യതകള്‍ വികസിപ്പിക്കാന്‍ കഴിയുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. മാമ്പുഴ സംരക്ഷണ-പുനരുജ്ജീവനവും ടൂറിസം പദ്ധതിയും സംബന്ധിച്ച നിവേദനം എം.എ റസാഖ് മാസ്റ്റര്‍ എം.എല്‍.എ മന്ത്രിക്ക് കൈമാറി. പെരുവയല്‍ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ മാമ്പുഴയില്‍ ആരംഭിച്ച കയാക്കിങ് ടൂറിസം പദ്ധതിയും മന്ത്രി സന്ദര്‍ശിച്ച് വിലയിരുത്തി.

date