Skip to main content

കാഷ്യു ബോര്‍ഡിന് പ്രവര്‍ത്തനമൂലധനമായി 200 കോടി രൂപ ലഭ്യമാക്കാന്‍ ബാങ്കുകള്‍ സന്നദ്ധം

കശുവണ്ടി ബോര്‍ഡില്‍ നിലനില്‍ക്കുന്ന വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും കശുവണ്ടി വ്യവസായത്തിന്റെ പുനരുദ്ധാരണം ലക്ഷ്യമാക്കിയും സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച കേരള കാഷ്യൂ ബോര്‍ഡിന്റെ പ്രവര്‍ത്തന മൂലധനമായി 200 കോടി രൂപ ലഭ്യമാക്കുന്നതിന് വിവിധ ദേശസാത്കൃത ബാങ്കുകളും സംസ്ഥാന സഹകരണ ബാങ്കും സന്നദ്ധത അറിയിച്ചു.  ബാങ്ക് നല്‍കുന്ന ലോണിന് സംസ്ഥാന സര്‍ക്കാര്‍ ഗ്യാരന്റി നല്‍കും.  പ്രവര്‍ത്തനമൂലധനം ലഭ്യമാക്കുന്നതിനുളള ബോര്‍ഡിന്റെ ആവശ്യം ബാങ്കുകള്‍ തത്വത്തില്‍ അംഗീകരിച്ചിട്ടുണ്ട്.  ധനകാര്യ വകുപ്പ് മന്ത്രി ഡോ. റ്റി.എം. തോമസ് ഐസക്, ഫിഷറീസ് ഹാര്‍ബര്‍ എന്‍ജിനീയറിംഗ്, കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ. മെഴ്‌സിക്കുട്ടി അമ്മ, ചീഫ് സെക്രട്ടറി കെ.എം. എബ്രഹാം എന്നിവര്‍ പങ്കെടുത്ത ബാങ്കുകളുടെ സംയുക്ത യോഗത്തിലാണ് ധാരണയായത്.

സംസ്ഥാനത്തെ കശുവണ്ടി ഫാക്ടറികളുടെ പ്രവര്‍ത്തനത്തിന് പ്രതിവര്‍ഷം 10 ലക്ഷം മെട്രിക് ടണ്‍ കശുവണ്ടി ആവശ്യമാണ്.  ഈ സാഹചര്യം മുതലെടുത്ത് കശുവണ്ടി വിദേശങ്ങളില്‍ നിന്നു വാങ്ങി അമിത വിലയ്ക്ക് ഇവിടെയുളള ഫാക്ടറികള്‍ക്ക് നല്‍കുന്ന ഇടനിലക്കാരാണ് കശുവണ്ടി മേഖലയുടെ ഇന്നത്തെ പ്രതിസന്ധിക്ക് കാരണക്കാര്‍.

ഇതിന് പരിഹാരമായി പൊതുമേഖലയ്‌ക്കൊപ്പം സ്വകാര്യ ഫാക്ടറി ഉടമകള്‍ക്കും ന്യായമായ വിലയ്ക്ക് ഇടനിലക്കാരില്ലാതെ ബോര്‍ഡ് നേരിട്ടു വിദേശ സര്‍ക്കാരുകളില്‍ നിന്ന് വാങ്ങി നല്‍കുന്നതിനാണ് ലക്ഷ്യമിടുന്നത്.  കൂടാതെ പ്രാദേശിക ഫാക്ടറി ഉടമകള്‍ അവര്‍ക്കു വേണ്ട കശുവണ്ടിയുടെ ആവശ്യമനുസരിച്ച് ഒരു തുക അഡ്വാന്‍സായി നല്‍കേണ്ടതായും വരും.

പ്രവര്‍ത്തനക്ഷമമല്ലാത്ത അറുപതോളം ഫാക്ടറികള്‍ക്ക് പ്രത്യേകം പാക്കേജ് രൂപീകരിച്ച് നിലവിലുളള ലോണിന് മോറട്ടോറിയം പ്രഖ്യാപിച്ച് പുതിയ പ്രവര്‍ത്തനമൂലധനം നല്‍കുന്നതിനും നടപടികള്‍ സ്വികരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

ബോര്‍ഡിന് 200 കോടി രൂപ നല്‍കുന്നതു സംബന്ധിച്ച് ബാങ്കുകള്‍ അടിയന്തര യോഗം കൂടി ഡിസംബര്‍ 11ന് ഇക്കാര്യത്തിലുളള നടപടിക്രമങ്ങള്‍ സര്‍ക്കാരിനെ അറിയിക്കും. 60 കശുവണ്ടി ഫാക്ടറികള്‍ക്കുളള പ്രത്യേക പാക്കേജ് പ്രത്യേകമായി തയ്യാറാക്കി ഡിസംബര്‍ 13ന് രാവിലെ 11.30ന് ചേരുന്ന യോഗത്തില്‍ സമര്‍പ്പിക്കണമെന്ന് ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

യോഗത്തില്‍ ധനകാര്യ വകുപ്പ് എക്‌സ്‌പെന്റിച്ചര്‍ സെക്രട്ടറി ഡോ. ശര്‍മ്മിളമേരി ജോസഫ്, കാഷ്യൂ ബോര്‍ഡ് ചെയര്‍മാന്‍ പി. മാരപാണ്ഡ്യന്‍, വിവിധ ബാങ്ക് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പി.എന്‍.എക്‌സ്.5226/17

date