തളിക്കുളം സുനാമി കോളനി ഗീത ഗോപി എം. എൽ. എ യും ജില്ലാ കളക്ടറും സന്ദർശിച്ചു
ചാവക്കാട് താലൂക്കിലെ തളിക്കുളം വില്ലേജിൽ ഉൾപ്പെട്ട ഇടശ്ശേരി സുനാമി കോളനിയിലെ അടിസ്ഥാന സൗകര്യങ്ങളും താമസക്കാരുടെ ആവശ്യങ്ങളും നേരിട്ട് വിലയിരുത്തുന്നതിനും പരിഹാര നടപടികൾ സ്വീകരിക്കുന്നതിനുമായി ഗീതാ ഗോപി എം.എൽ.എയും ജില്ലാ കളക്ടർ ശിഖ സുരേന്ദ്രനും സന്ദർശനം നടത്തി.
കോളനിയിലെ വീടുകളുടെ നിലവിലെ സ്ഥിതി, കുടിവെള്ള ലഭ്യത, ഡ്രെയിനേജ് സംവിധാനം എന്നിവ സംഘം നേരിട്ട് പരിശോധിക്കുകയും പ്രദേശവാസികളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു.
പ്രദേശത്തെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ എം.എൽ.എയുടെ നേതൃത്വത്തിൽ പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി എന്നിവരെ പങ്കെടുപ്പിച്ച് അടിയന്തര യോഗം വിളിച്ചുചേർക്കും. വീടുകളുടെ ഫിറ്റ്നസ് അടിയന്തരമായി പരിശോധിക്കുമെന്ന് കളക്ടർ അറിയിച്ചു . ഇതിന് പിന്നാലെ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രദേശത്തെ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കും പരിഹാരം കാണും.
തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.എൻ. നൗഷാദ്, തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ, ചാവക്കാട് തഹസിൽദാർ, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
- Log in to post comments