വാടാനപ്പള്ളി പൊക്കാഞ്ചേരിയിൽ കടലാക്രമണം പ്രദേശങ്ങൾ ജില്ലാ കളക്ടർ സന്ദർശിച്ചു
കടലാക്രമണം രൂക്ഷമായ വാടാനപ്പള്ളി പൊക്കാഞ്ചേരി പ്രദേശങ്ങളിൽ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
മുൻപ് പ്രദേശത്ത് ജിയോ ബാഗുകൾ സ്ഥാപിക്കുന്നതിനാണ് അനുമതി നൽകിയിരുന്നതെന്ന് കളക്ടർ അറിയിച്ചു. എന്നാൽ, കടലാക്രമണം ഫലപ്രദമായി തടയുന്നതിന് ജിയോ ബാഗുകൾക്ക് പകരം കരിങ്കല്ല് ഉപയോഗിച്ച് കടൽഭിത്തി കെട്ടണമെന്ന് പ്രാദേശവാസികൾ ആവശ്യപ്പെട്ട സാഹചര്യത്തിൽ അഡിഷണൽ ജലസേചന വകുപ്പ് തയ്യാറാക്കിയ എസ്റ്റിമേറ്റ് സർക്കാരിന്റെ അനുമതിക്കായി ജില്ലാ കളക്ടറുടെ ശുപാർശയോടെ സമർപ്പിച്ചിട്ടുണ്ട്. സർക്കാരിൽ നിന്ന് ഫണ്ട് ലഭ്യമാകുന്ന മുറയ്ക്ക് നിർമാണ പ്രവൃത്തികൾ ആരംഭിക്കുമെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി.
പ്രദേശത്ത് ഉപ്പുവെള്ള ഭീഷണി നേരിടുന്നതായി നാട്ടുകാർ കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി. ആയതിനാൽ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനായി അടിയന്തരമായി പുതിയ കുടിവെള്ള കണക്ഷനുകൾ നൽകാൻ എൽ.എസ്.ജി.ഡി ജോയിന്റ് ഡയറക്ടർക്ക് ജില്ലാ കളക്ടർ നിർദ്ദേശം നൽകി.
തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജില ഗിരി, ബ്ലോക്ക് വൈസ് പ്രസിഡന്റ് സി.എം. നൗഷാദ്, വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഐ.എൻ. സുധീഷ്, വൈസ് പ്രസിഡന്റ് ഹേമലത പ്രതാപൻ, വിവിധ വാർഡ്-ബ്ലോക്ക് മെമ്പർമാർ, ചാവക്കാട് തഹസിൽദാർ, ഇറിഗേഷൻ, വാട്ടർ അതോറിറ്റി, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ജില്ലാ കളക്ടറെ അനുഗമിച്ചു.
- Log in to post comments