*കുതിരാൻ തുരങ്കമുഖത്തെ മണ്ണിടിച്ചിൽ: മന്ത്രിയുടെയും സംഘത്തിന്റെയും അടിയന്തര സന്ദർശനം; ഭീഷണിയില്ലെന്ന് പ്രാഥമിക വിലയിരുത്തൽ*
ദേശീയപാത 544-ലെ കുതിരാൻ തുരങ്കപ്പാതയുടെ തൃശൂർ-പാലക്കാട് കവാടത്തിന് സമീപമുണ്ടായ മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തിൽ കായിക-യുവജനക്ഷേമ വകുപ്പ് മന്ത്രി ഒ. ജെ. ജനീഷ്, അഡ്വ. കെ. രാജൻ എം.എൽ.എ, ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
തുരങ്കത്തിന് മുകൾഭാഗത്തുണ്ടായ മണ്ണിടിച്ചിൽ യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയായേക്കാമെന്ന നിഗമനത്തെത്തുടർന്ന് അടിയന്തര പരിശോധനയ്ക്കായി വിദഗ്ധ സംഘത്തെ നിയോഗിച്ചിരുന്നു. ജിയോളജിസ്റ്റ്, ഹസാർഡ് അനലിസ്റ്റ്, മണ്ണ് സംരക്ഷണ ഓഫീസർ, ജലസേചന-വനം വകുപ്പുകൾ, കേരള വനഗവേഷണ കേന്ദ്രം, തൃശൂർ ഗവ. എഞ്ചിനീയറിംഗ് കോളേജ്, ഐ.ഐ.ടി പാലക്കാട് എന്നിവയിൽ നിന്നുള്ള വിദഗ്ധരടങ്ങുന്ന സംഘമാണ് സ്ഥലത്ത് പരിശോധന നടത്തിയത്.
നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വിദഗ്ധ സംഘം റിപ്പോർട്ട് നൽകിയിട്ടുണ്ട്. എങ്കിലും, കൂടുതൽ വിശദമായ പഠനവും സാങ്കേതിക പരിശോധനയും നടത്തുന്നത് ഉചിതമാണെന്ന് സംഘം അറിയിച്ചു .
ഇതിന്റെ ഭാഗമായി ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി എന്നിവയ്ക്ക് ജില്ലാ ഭരണകൂടം കത്തയച്ചിട്ടുണ്ട്. ഓഗസ്റ്റ് പത്തിന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ വിദഗ്ധ സംഘം സ്ഥലം സന്ദർശിച്ച് പരിശോധനയും പഠനങ്ങളും നടത്തും.
- Log in to post comments