സ്വാതന്ത്ര്യ ദിനാഘോഷം: മന്ത്രി എ.പി അനില്‍കുമാര്‍ പതാകയുയര്‍ത്തും
ആഗസ്റ്റ് 15ന് നടക്കുന്ന കോഴിക്കോട് ജില്ലാതല സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ റവന്യൂ വകുപ്പ് മന്ത്രി എ.പി അനില്‍കുമാര്‍ ദേശീയ പതാകയുയര്‍ത്തും. തുടര്‍ന്ന് പരേഡിനെ അഭിവാദ്യം ചെയ്യും. രാവിലെ ഒമ്പത് മുതല്‍ വെസ്റ്റ്ഹില്‍ ക്യാപ്റ്റന്‍ വിക്രം മൈതാനത്താണ് ഔദ്യോഗിക പരേഡും ചടങ്ങുകളും നടക്കുക. വിവിധ പൊലീസ് സേനാവിഭാഗങ്ങള്‍, എക്‌സൈസ്, അഗ്‌നിരക്ഷാ സേന, ഫോറസ്റ്റ് വകുപ്പുകള്‍, എന്‍.സി.സി, സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ് ഉള്‍പ്പെടെ 22 പ്ലാറ്റൂണുകള്‍ പരേഡില്‍ അണിനിരക്കും.
ആദ്യ റിഹേഴ്‌സണ്‍ പരേഡ് ഇന്ന് (ആഗസ്റ്റ് 10) നടന്നു. നാളെ (ആഗസ്റ്റ് 11) ഉച്ചക്ക് ശേഷം മൂന്നിനും റിഹേഴ്‌സല്‍ പരേഡ് നടക്കും. 13ന് രാവിലെ 7.30ന് ഫുള്‍ ഡ്രസ്സ് റിഹേഴ്‌സലും ക്യാപ്റ്റന്‍ വിക്രം മൈതാനിയില്‍ നടക്കും.
സ്വാതന്ത്ര്യ ദിനാഘോഷ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി കലക്ടററേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സബ് കലക്ടര്‍ എസ് ഗൗതം രാജ് അധ്യക്ഷനായി. എ.ഡി.എം കെ ഷറീന, വിവിധ വകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
- Log in to post comments