Skip to main content

പ്രമാണ പരിശോധന

കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വിജ്ഞാപനം ചെയ്ത കൊച്ചിൻ ദേവസ്വം ബോർഡിലെ താളം (കാറ്റഗറി നമ്പർ 73/2025)സോപാനം പാട്ട് (കാറ്റഗറി നമ്പർ 72/2025) തസ്തികകളിലേക്ക് അപേക്ഷിച്ച യോഗ്യരായ ഉദ്യോഗാർഥികളുടെ പ്രമാണ പരിശോധന ഓഗസ്റ്റ് 1718 തീയതികളിൽ തിരുവനന്തപുരം കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ഓഫീസിൽ നടക്കും. രാവിലെ 9.30 മുതലാണ് പരിശോധന.

ദേവജാലിക പ്രൊഫൈലിൽ അപ്ലോഡ് ചെയ്ത സർട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിൽ യോഗ്യരായ ഉദ്യോഗാർഥികൾക്കാണ് പ്രമാണ പരിശോധന നടത്തുന്നത്. പ്രൊഫൈലിൽ ലഭ്യമാക്കുന്ന മെമ്മോകളിലെ ക്രമനമ്പർ അടിസ്ഥാനമാക്കിയായിരിക്കും പരിശോധന. താളം തസ്തികയുടെ പരിശോധന ഓഗസ്റ്റ് 17നും സോപാനം പാട്ട് തസ്തികയുടേത് ഓഗസ്റ്റ് 18നും നടക്കും. ദേവജാലിക പ്രൊഫൈലിലെ Document Verification Memo ലിങ്കിൽ നിന്ന് മെമ്മോ ഡൗൺലോഡ് ചെയ്യാം. വിജ്ഞാപനപ്രകാരമുള്ള യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും വെരിഫിക്കേഷൻ മെമ്മോയും സഹിതം നിശ്ചിത സമയത്ത് ഹാജരാകണം. സർട്ടിഫിക്കറ്റുകൾ നേരിട്ട് ഹാജരാക്കാത്തവരെ തുടർനടപടികൾക്കായി പരിഗണിക്കില്ല.

പ്രമാണ പരിശോധനയ്ക്ക് അനുവദിച്ച ഉദ്യോഗാർഥികൾക്ക് അവരുടെ ദേവജാലിക പ്രൊഫൈലിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പരിൽ എസ്.എം.എസ് മുഖേന അറിയിപ്പ് നൽകും. അപേക്ഷിച്ചിരുന്നെങ്കിലും തുടർനിയമന നടപടികളിൽ നിന്ന് അയോഗ്യരായവരുടെ അപേക്ഷയുടെ തൽസ്ഥിതിയും നിരസിക്കാനുള്ള കാരണവും APPLICATIONS MY APPLICATIONS എന്ന വിഭാഗത്തിലെ ACTION കോളത്തിൽ ലഭ്യമാകും. ഓഗസ്റ്റ് 13 വരെ എസ്.എം.എസ് അറിയിപ്പ് ലഭിക്കാത്ത ഉദ്യോഗാർഥികൾ അടിയന്തരമായി കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡുമായി ബന്ധപ്പെടണം. കൂടുതൽ വിവരങ്ങൾക്ക് www.kdrb.kerala.gov.in .

പി.എൻ.എക്‌സ്. 3143/2026

date