Skip to main content

ജനസാക്ഷ്യം' അദാലത്ത് ജനകീയ ഇടപെടലിന്റെ വേദിയാവണം: മന്ത്രി എ.പി. അനില്‍കുമാര്‍

'ജനസാക്ഷ്യം' അദാലത്ത് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ നേരിട്ട് കേള്‍ക്കുന്നതിനും സാധ്യമായത്ര വേഗത്തില്‍ അവയ്ക്ക് പരിഹാരം കാണുന്നതിനുമുള്ള ഫലപ്രദമായ വേദിയായി മാറണമെന്ന് റവന്യൂ വകുപ്പ് മന്ത്രി എ.പി. അനില്‍കുമാര്‍. മലപ്പുറം ജില്ലാ പഞ്ചായത്തും ജില്ലാ ഭരണകൂടവും സംയുക്തമായി സംഘടിപ്പിക്കുന്ന 'ജനസാക്ഷ്യം' പൊതുജന പരാതി പരിഹാര അദാലത്ത് വണ്ടൂരില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഭരണകൂടത്തെ നേരിട്ട് സമീപിച്ച് പരാതികള്‍ അവതരിപ്പിക്കാനും ബന്ധപ്പെട്ട വകുപ്പുകളുടെ ഇടപെടലിലൂടെ പരിഹാരം തേടാനും ജനങ്ങള്‍ക്ക് അവസരം ഒരുക്കുകയാണ് അദാലത്തിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി. വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി ബന്ധപ്പെട്ട നിരവധി പരാതികളാണ് അദാലത്തില്‍ ലഭിച്ചത്. വര്‍ഷങ്ങളായി പരിഹാരം കാത്തുകിടക്കുന്ന അപേക്ഷകളും പരാതികളും ഇതില്‍ ഉള്‍പ്പെടുന്നു. എല്ലാ പരാതികളും പൂര്‍ണമായി പരിഹരിക്കാന്‍ സാധിക്കണമെന്നില്ല. പരിഹരിക്കാന്‍ കഴിയുന്ന വിഷയങ്ങള്‍പരമാവധി വേഗത്തില്‍ തീര്‍പ്പാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കുമെന്നും മന്ത്രി പറഞ്ഞു. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ നേരിട്ട് മനസ്സിലാക്കി ഉത്തരവാദിത്തത്തോടെയും സമയബന്ധിതമായും പരിഹാരം കാണുകയാണ് അദാലത്തിന്റെ ലക്ഷ്യം. വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ കൂടുതല്‍ പരാതികള്‍ക്ക് പരിഹാരം കണ്ടെത്താന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. അദാലത്ത് കേവലം പരാതികള്‍ സ്വീകരിക്കുന്ന വേദി മാത്രമല്ലെന്നും ജനങ്ങളുടെ വിവിധ ആവശ്യങ്ങള്‍ക്ക് സാധ്യമായ പരിഹാരം ഉറപ്പാക്കുന്ന ജനകീയ സംവിധാനമായി ഇതിനെ മാറ്റുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

ജനങ്ങള്‍ക്ക് ആവശ്യമായ വിവിധ സേവനങ്ങള്‍ ഒരിടത്ത് ലഭ്യമാക്കുന്നതിനുള്ള സംവിധാനങ്ങളും അദാലത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ബി.പി., ഷുഗര്‍ പരിശോധന ഉള്‍പ്പെടെയുള്ള പരിശോധനാ സൗകര്യങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. അദാലത്തിനു മുമ്പായി ലഭിച്ച അപേക്ഷകളില്‍ അനുവദിച്ച 5  റേഷന്‍ കാര്‍ഡ് റവന്യൂ വകുപ്പ് മന്ത്രി എ.പി അനില്‍കുമാര്‍ ഉടമകള്‍ക്ക് നല്‍കി. അദാലത്തില്‍ 470 പരാതികളാണ് ലഭിച്ചത്. 21 വകുപ്പുകളുടെ കൗണ്ടറുകളിലായാണ് പരാതികള്‍ സ്വീകരിച്ചത്. ലഭിച്ച പരാതികള്‍ രണ്ടാഴ്ചക്കകം തീര്‍പ്പാക്കാന്‍ ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയല്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി

അഡ്വ. എം. റഹ്‌മത്തുള്ള എം.എല്‍.എ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  പി.എ ജബ്ബാര്‍ ഹാജി അദ്ധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എ.പി സ്മിജി, എ.ഡി.എം അന്‍വര്‍ സാദത്ത് പി, സബ് കളക്ടര്‍ സാക്ഷി മോഹന്‍, മലപ്പുറം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആലിപ്പറ്റ ജമീല, മലപ്പുറം ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.ടി അജ്മല്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ റഹ്‌മത്തുന്നിസ കുറുമാടന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ ഫൗസിയ പെരുമ്പള്ളി, സുകുമാരന്‍ കെ, ജയ്‌സല്‍ എളമരം, വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അമൃത ടീച്ചര്‍, പോരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പുഷ്പ ടീച്ചര്‍, വണ്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി ഷംസുദ്ദീന്‍, പാണ്ടിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രോഹില്‍ നാഥ്, തിരുവാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമ താരിയന്‍, തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി മുഹമ്മദ്, ജനസാക്ഷ്യം ജില്ലാ കോഡിനേറ്റര്‍ കെ.എന്‍ ഷാനവാസ്, വണ്ടൂര്‍ ബ്ലോക്ക് ഡിവിഷന്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരായ ശൈജല്‍ എടപ്പറ്റ, പി. അബ്ദുല്‍ സലാം, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date