ഹരിത കര്‍മ്മസേന അംഗങ്ങള്‍ക്ക് സൗജന്യ മെഡിക്കല്‍ ക്യാമ്പ് ആരംഭിച്ചു
കുടുംബശ്രീ ജില്ലാ മിഷന്‍ തൃശ്ശൂരിന്റെ ആഭിമുഖ്യത്തില്‍ ഹരിത കര്‍മ്മസേന അംഗങ്ങള്‍ക്കായി സൗജന്യ മെഡിക്കല്‍ ക്യാമ്പിന് തുടക്കമായി. പൂങ്കുന്നം കെയര്‍ സെന്റര്‍ ആശുപത്രിയുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. അംഗങ്ങളുടെ ആരോഗ്യസംരക്ഷണവും ക്ഷേമവും ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ക്യാമ്പിന്റെ സേവനങ്ങള്‍ ഒക്ടോബര്‍ 13 വരെ കെയര്‍ സെന്റര്‍ ആശുപത്രിയില്‍ ലഭ്യമാകും. രാവിലെ 10.30 മുതല്‍ വൈകിട്ട് 5.30 വരെയാണ് ക്യാമ്പ് പ്രവര്‍ത്തിക്കുക.
അംഗങ്ങള്‍ക്ക് വിവിധ ആരോഗ്യ പരിശോധനകള്‍, വിദഗ്ധ ഡോക്ടര്‍മാരുടെ കണ്‍സള്‍ട്ടേഷന്‍, ആരോഗ്യ ബോധവത്കരണ പരിപാടികള്‍ എന്നിവ ഇതിലൂടെ ലഭ്യമാക്കും. കുടുംബശ്രീ മുഖേന റഫര്‍ ചെയ്യുന്ന വനിതകള്‍ക്ക് സൗജന്യ പ്രാഥമിക കണ്‍സള്‍ട്ടേഷനും വന്ധ്യതാ ചികിത്സ, രോഗനിര്‍ണയ സേവനങ്ങള്‍ എന്നിവയ്ക്ക് പ്രത്യേക ഇളവുകളോടെയുള്ള പാക്കേജുകളും നല്‍കും. കൂടാതെ മുന്‍ഗണനാ അടിസ്ഥാനത്തിലുള്ള അപ്പോയിന്റ്‌മെന്റും പ്രത്യേക പിന്തുണയും ലഭ്യമാക്കും.
''ആരോഗ്യത്തോടെ... സമൃദ്ധമായ നാളെയിലേക്ക്'' എന്ന സന്ദേശമുയര്‍ത്തി സംഘടിപ്പിക്കുന്ന മെഡിക്കല്‍ ക്യാമ്പ് ഹരിത കര്‍മ്മസേന അംഗങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും ചികിത്സാച്ചെലവുകള്‍ മൂലം ബുദ്ധിമുട്ടുന്ന സ്ത്രീകള്‍ക്ക് ആവശ്യമായ പിന്തുണ ഉറപ്പാക്കുന്നതിനുമാണ് ലക്ഷ്യമിടുന്നത്.
കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ അഭിജിത് കെ. ദീപക്, കെയര്‍ സെന്റര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരായ ഡോ. നിര്‍മല്‍ കൃഷ്ണന്‍, ഡോ. നിമ്മി നിര്‍മല്‍, ഡോ. മീര, ഡോ. ശ്രീജ, ഡോ. അവിനാശ് നായര്‍, ഡോ. പ്രശാന്ത്, ഹരിത കര്‍മ്മസേന ജില്ലാ കോര്‍ഡിനേറ്റര്‍ ആതിര ശ്രീലക്ഷ്മി തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments