ക്ഷീരകര്‍ഷകര്‍ക്ക് കൈത്താങ്ങായി പശു ഔഷധി
കാലിത്തീറ്റയുടെയും ചികിത്സയ്ക്കായുള്ള മരുന്നുകളുടേയും ഉയർന്ന വില മൂലം പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ക്ഷീരകര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാരിൻ്റെ കരുതൽ. കുറഞ്ഞ വിലയില്‍ ഗുണനിലവാരമുള്ള ജനറിക് മൃഗചികിത്സാ മരുന്നുകള്‍ കര്‍ഷകര്‍ക്ക് ഇനി ലഭിക്കും. ഇതിനായി പശു ഔഷധി എന്ന പദ്ധതി ആരംഭിക്കും.
കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന പദ്ധതിയിലൂടെ നാടന്‍ ഔഷധങ്ങളും ആവശ്യമായ മരുന്നുകളും കുറഞ്ഞവിലയില്‍ കര്‍ഷകര്‍ക്ക് ലഭിക്കും.
നിലവില്‍ ആരംഭിച്ചിരിക്കുന്ന ജന്‍ ഔഷധി കേന്ദ്രങ്ങളുടെ മാതൃകയിലാണ് പശു ഔഷധി മെഡിക്കല്‍ സ്റ്റോറുകള്‍ ആരംഭിക്കുന്നത്. പ്രധാനമന്ത്രി കിസാന്‍ സമൃദ്ധി കേന്ദ്രങ്ങള്‍ (പിഎംകെഎസ്കെ), സഹകരണ സംഘങ്ങള്‍ എന്നിവ വഴിയാണ് പശു ഔഷധി കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
ഇവിടങ്ങളില്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ആന്‍ഡ് മെഡിക്കല്‍ ഡിവൈസസ് ബ്യൂറോ ഓഫ് ഇന്ത്യ (പിഎംബിഐ) വിതരണം ചെയ്യുന്ന മരുന്നുകള്‍ മാത്രമേ വില്‍ക്കുകയുള്ളൂ. പിഒഎസ് ബില്ലിംഗ് സിസ്റ്റമാണ് കടകളില്‍ നടപ്പാക്കുന്നത്. മരുന്നുകളുടെ വില്പനവിലയുടെ 20 ശതമാനം ലാഭം കേന്ദ്രം നടത്തുന്നവര്‍ക്കാണ് ലഭിക്കുക.
തെരഞ്ഞെടുത്ത പിന്നാക്ക, മലയോര മേഖലകളിലായിരിക്കും കേന്ദ്രം ആരംഭിക്കുക. മറ്റു ചെലവുകള്‍ക്കുമായി ഒറ്റത്തവണ സഹായവും ഇന്‍സെന്റീവുകളും നല്‍കും. ഏകദേശം 134 ജനറിക് മൃഗചികിത്സാ മരുന്നുകളും അനുബന്ധ സാമഗ്രികളും ഇവിടെ ലഭ്യമാക്കും.
അലോപ്പതി ജനറിക് മരുന്നുകള്‍ക്കുപുറമെ, പാരമ്പര്യ അറിവുകളെ അടിസ്ഥാനമാക്കിയുള്ള നാടന്‍ ഔഷധങ്ങളും ഗുണമേന്മയുള്ള കാലിത്തീറ്റകളും ഇവിടെനിന്നും ലഭ്യമാക്കിയേക്കും.
രാപകല്‍ വ്യത്യാസമില്ലാതെ മൃഗാശുപത്രികളുടെ സേവനം സംസ്ഥാനത്ത് ലഭ്യമാണെങ്കിലും പശുക്കളുടേതുള്പ്പെടെയുള്ള വെറ്ററിനറി മരുന്നുകള്‍ക്ക് വലിയ വിലയാണ്. കാലിത്തീറ്റയുടെ വിലവര്‍ധനവും മരുന്നുകളുടെ വിലവര്‍ധനവും താങ്ങാനാകാതെ ക്ഷീരമേഖലയില്നിന്നും പിന്‍വാങ്ങുന്ന കര്‍ഷകരുടെ എണ്ണം വര്‍ധിച്ചുവരുന്നതിനിടയിലാണ് കേന്ദ്രം പുതിയ പദ്ധതി നടപ്പാക്കുന്നത്.
പശു ഔഷധി കേന്ദ്രങ്ങള്‍
പശു ഔഷധി കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ സ്വന്തമായോ വാടകയ്ക്കോ കുറഞ്ഞത് 120 ചതുരശ്ര അടി വിസ്തീര്‍ണമുള്ള മുറി ഉണ്ടായിരിക്കണം.
സംസ്ഥാന ഡ്രഗ് കണ്ട്രോള് അതോറിറ്റിയുടെ ഡ്രഗ് സെയില്‍ ലൈസന്‍സും നിര്‍ബന്ധമാണ്. ബി.ഫാം അല്ലെങ്കില്‍ ഡി.ഫാം യോഗ്യതയുള്ള രജിസ്റ്റേര്‍ഡ് ഫാര്മസിസ്റ്റിനെയും ഇവിടെ നിയമിച്ചിരിക്കണം.
ഒരു ബ്ലോക്കില്‍ ഒരു പശു ഔഷധി കേന്ദ്രത്തിനു മാത്രമായിരിക്കും അനുമതി. പൊതുവിഭാഗത്തിന് അപേക്ഷാഫീസ് 5,000 രൂപയാണ്. താത്പര്യമുള്ളവര്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം.https://pashuaushadhi.dahd.gov.in എന്ന ലിങ്ക് വഴി താത്പര്യമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.
- Log in to post comments