Skip to main content

ജില്ലയില്‍ വിപുലമായ സ്വാതന്ത്ര്യ ദിനാഘോഷം: മന്ത്രി പി.കെ.ബഷീര്‍ പതാക ഉയര്‍ത്തും

മലപ്പുറം ജില്ലയില്‍ സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ വിപുലമായി സംഘടിപ്പിക്കും.  മലപ്പുറം എം.എസ്.പി. പരേഡ് ഗ്രൗണ്ടില്‍ ഇന്ന് (ശനി) പൊതുമാരാമത്ത് വകുപ്പ് മന്ത്രി പി.കെ.ബഷീര്‍ ദേശീയ പതാക ഉയര്‍ത്തി പരേഡിന്റെ അഭിവാദ്യം സ്വീകരിക്കും.  രാവിലെ 8.25 ന് ആരംഭിക്കുന്ന പരേഡില്‍  വിവിധ സേനാ വിഭാഗങ്ങളുടെയും എന്‍.സി.സി, എസ്.പി.സി, സ്‌കൗട്ട്സ് ആന്റ് ഗൈഡ്സ്, ജൂനിയര്‍ റെഡ് ക്രോസ് തുടങ്ങിയവയുടെയും 37 പ്ലാറ്റൂണുകള്‍ അണിനിരക്കും. എം.എസ്.പി. അസിസ്റ്റന്റ് കമാന്‍ഡന്റ് ടി.കെ. മുഹമ്മദ് ബഷീര്‍ പരേഡ് കമാന്‍ഡറാകും.  എം.എസ്.പി.ആംഡ് പൊലീസ് ഇന്‍സ്പെക്ടര്‍ രമേഷ് ബാബു സെക്കന്‍ഡ് ഇന്‍ കമാന്‍ഡാകും.

 

മലപ്പുറം നഗരസഭാ പരിധിയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നുള്ള കുട്ടികള്‍ പങ്കെടുക്കുന്ന പ്രഭാതഭേരി രാവിലെ 7.15 ന് സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നിന്ന് ആരംഭിച്ച് പെരിന്തല്‍മണ്ണ റോഡിലൂടെ എം.എസ്.പി പരേഡ് ഗ്രൗണ്ടിലെത്തും. രാവിലെ 8.40ന് സിവില്‍സ്റ്റേഷനിലുള്ള യുദ്ധസ്മാരകത്തില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന നടത്തും. തുടര്‍ന്ന് മന്ത്രി പരേഡിന്റെ അഭിവാദ്യം സ്വീകരിച്ച് ദേശീയ പതാക ഉയര്‍ത്തി സ്വാതന്ത്ര്യദിന സന്ദേശം നല്‍കും. വിവിധ  സ്‌കൂളുകളിലെ കുട്ടികള്‍ അവതരിപ്പിക്കുന്ന കലാപരിപാടികളും നടക്കും. പരേഡിലെ  വിജയികള്‍ക്കുള്ള സമ്മാന വിതരണത്തിന് ശേഷം 9.30 ന് ദേശീയഗാനത്തോടെ പരിപാടികള്‍ സമാപിക്കും. പ്രഭാതഭേരിയില്‍ മികച്ച പ്രകടനം നടത്തുന്ന ടീമിനും പരേഡിലെ മികച്ച സേനാ വിഭാഗത്തിനും സമ്മാനം നല്‍കും. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി മികച്ച രീതിയില്‍ അലങ്കരിച്ച മലപ്പുറം നഗരസഭാ പരിധിയിലെ വ്യാപാര സ്ഥാപനങ്ങള്‍ക്കും സമ്മാനം നല്‍കും.

date