ഭരണസിരാകേന്ദ്രത്തിന് ഇനി നവോത്ഥാനത്തിന്റെയും സാഹിത്യത്തിന്റെയും കാവൽ
എറണാകുളം കളക്ടറേറ്റ് കവാടങ്ങൾക്ക് പേരുകളായി
എറണാകുളത്തിന്റെ ഭരണസിരാകേന്ദ്രമായ സിവിൽ സ്റ്റേഷനിലേക്ക് ഇനി കടന്നുചെല്ലുന്നത് നവോത്ഥാന നായകരുടെയും സാഹിത്യ കുലപതികളുടെയും സ്മരണകളിലൂടെയാണ്. വെറുമൊരു സർക്കാർ കാര്യാലയം എന്നതിനപ്പുറം ജില്ലയുടെ ചരിത്രവും സാംസ്കാരിക പൈതൃകവും അടയാളപ്പെടുത്തുന്ന പുതിയ മാറ്റത്തിനാണ് കളക്ടറേറ്റ് സാക്ഷ്യം വഹിച്ചിരിക്കുന്നത്.
ജില്ലാ വികസന സമിതിയിൽ ഉമാ തോമസ് എം.എൽ.എ ഉന്നയിച്ച ആശയത്തിന് ജീവനക്കാർക്കിടയിൽ നടത്തിയ ഓൺലൈൻ മത്സരത്തിലൂടെയാണ് തുടക്കമായത്. സ്വാതന്ത്ര്യ ദിനാഘോഷ വേദിയിൽ കവാടങ്ങൾക്ക് മികച്ച പേരുകൾ നിർദ്ദേശിച്ച ജീവനക്കാരെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ ആദരിച്ചു. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറും
ഇൻഫർമേഷൻ ഓഫീസറും ചേർന്നാണ് ജീവനക്കാരുടെ നിർദ്ദേശങ്ങളിൽ നിന്നും അവസാന പട്ടിക തയ്യാറാക്കിയത്.
ഓരോ കവാടവും പറയുന്ന ചരിത്രം
ഒന്നാം നമ്പർ ഗേറ്റ് (ദാക്ഷായണി വേലായുധൻ കവാടം)
ഇൻഫോപാർക്ക് റോഡിൽ നിന്നും സിവിൽ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്ന ഈ കവാടം പ്രമുഖ സാമൂഹിക പരിഷ്കർത്താവും സ്വാതന്ത്ര്യ സമരസേനാനിയുമായിരുന്ന ദാക്ഷായണി വേലായുധന്റെ പേരിൽ അറിയപ്പെടും. ജില്ലാ കളക്ടർ ജി. പ്രിയങ്കയാണ് ഔദ്യോഗികമായി ഈ പേരു നിർദ്ദേശിച്ചത്.
രണ്ടാം നമ്പർ ഗേറ്റ് (സഹോദരൻ അയ്യപ്പൻ കവാടം)
സിവിൽ സ്റ്റേഷനിൽ നിന്നും ഇൻഫോപാർക്ക് റോഡിലേക്കിറങ്ങുന്ന കവാടത്തിന് സാമൂഹിക പരിഷ്കർത്താവായ സഹോദരൻ അയ്യപ്പന്റെ പേര് നൽകി. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലെ എസ്. ആർ. ശ്രീജിത്താണ് ഈ നിർദ്ദേശം മുന്നോട്ടുവെച്ചത്.
മൂന്നാം നമ്പർ ഗേറ്റ് (പണ്ഡിറ്റ് കറുപ്പൻ കവാടം)
ജാതിവിവേചനത്തിനെതിരെ ശക്തമായ ശബ്ദമുയർത്തിയ, കേരള നവോത്ഥാന ചരിത്രത്തിലെ പ്രധാനിയായ പണ്ഡിറ്റ് കറുപ്പന്റെ സ്മരണയ്ക്കാണ് മൂന്നാം നമ്പർ ഗേറ്റ് സമർപ്പിച്ചിരിക്കുന്നത്. 1885-ൽ ചേരാനെല്ലൂരിൽ ജനിച്ച ഇദ്ദേഹം കവിയും അധ്യാപകനും എറണാകുളത്തിന്റെ സാമൂഹിക മാറ്റങ്ങളിൽ നിർണ്ണായക പങ്കുവഹിച്ച വ്യക്തിയുമാണ്. കളക്ടറേറ്റ് ജീവനക്കാരനായ ബാലു അലക്സ് വർഗീസ്
ആണ് ഈ പേര് നിർദ്ദേശിച്ചത്.
നാലാം നമ്പർ ഗേറ്റ് (മഹാകവി ജി. ശങ്കരക്കുറുപ്പ് കവാടം)
ഓടക്കുഴൽ' എന്ന കൃതിയിലൂടെ മലയാളത്തിന് ആദ്യമായി ജ്ഞാനപീഠം സമ്മാനിച്ച മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ പേരിലാണ് നാലാം നമ്പർ ഗേറ്റ്. 1901-ൽ ജനിച്ച ജി. അധ്യാപകൻ, കവി, ഉപന്യാസകൻ, ഗാനരചയിതാവ്, പാർലമെന്റ് അംഗം എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച മഹത് വ്യക്തിത്വമാണ്. റവന്യൂ വിജിലൻസിലെ ക്ലർക്ക് ലിബിൻ എം തോമസ് ആണ് ഈ പേര് നിർദ്ദേശിച്ചത്.
അഞ്ചാം നമ്പർ ഗേറ്റ് (ചങ്ങമ്പുഴ കൃഷ്ണപിള്ള കവാടം)
രമണൻ' എന്ന എക്കാലത്തെയും മികച്ച ഭാവകാവ്യത്തിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടംനേടിയ പ്രിയകവി ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ പേരിലാണ് അഞ്ചാം കവാടം. 1911 ഒക്ടോബർ 10-ന് ഇടപ്പള്ളിയിൽ ജനിച്ച അദ്ദേഹത്തിന്റെ അനശ്വരമായ ഓർമ്മകൾ ജില്ലയുടെ ഭരണസിരാകേന്ദ്രത്തിന് കൂടുതൽ കാവ്യാത്മകതയേകും. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലെ
ക്ലാർക്ക് ആയ അമൃത മോഹനൻ ആണ് അഞ്ചാം നമ്പർ ഗേറ്റിന്
ഈ പേര് നിർദ്ദേശിച്ചത്.
സർക്കാർ ഓഫീസുകളുടെ സ്ഥിരം ശൈലികളിൽ നിന്നുള്ള ഈ മാറ്റം, എറണാകുളത്തിന്റെ മണ്ണിൽ മാറ്റത്തിന്റെ വിത്തുകൾ പാകിയ മഹാരഥന്മാരോടുള്ള എക്കാലത്തെയും വലിയ ആദരവ് കൂടിയായി മാറും. ഓരോ പ്രവേശന കവാടവും ഇനി ഒരു നാടിന്റെ അഭിമാന ചരിത്രത്തെക്കൂടി ഓർമിപ്പിക്കും.
- Log in to post comments