നോർക്ക - ടി.പി.ഡി.സി.എസ് പ്രവാസി സംരംഭകത്വ വായ്പാ ക്യാമ്പ് : 26 ലക്ഷം രൂപയുടെ വായ്പകൾ വിതരണം ചെയ്തു
പ്രവാസിസംരംഭകർക്കായി നോർക്ക റൂട്ട്സും ട്രാവൻകൂർ പ്രവാസി ഡെവലപ്മെന്റ് കോ. ഓപ്പറേറ്റീവ് സൊസൈറ്റിയും (ടി.പി.ഡി.സി.എസ്) സംയുക്തമായി സംരംഭകത്വ വായ്പാ നിർണയക്യാമ്പും അർഹതപ്പെട്ടവർക്കുളള വായ്പാവിതരണവും സംഘടിപ്പിച്ചു. തൈക്കാട് നോർക്ക സെന്ററിൽ സംഘടിപ്പിച്ച ക്യാമ്പിന്റെയും വായ്പാവിതരണത്തിന്റെയും ഉദ്ഘാടനം നോർക്ക റൂട്ട്സ് ജനറൽ മാനേജർ പ്രകാശ് പി ജോസഫ് നിർവ്വഹിച്ചു. അഞ്ച് പ്രവാസി സംരംഭകർക്കായി 26 ലക്ഷം രൂപയുടെ വായ്പകളാണ് കൈമാറിയത്. നാട്ടിൽ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന നോർക്ക ഡിപ്പാർട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രൻസ് അഥവ എൻ.ഡി.പി.ആർ.ഇ.എം പദ്ധതി പ്രകാരമായിരുന്നു ക്യാമ്പ്. ടി.പി.ഡി.സി.എസ് പ്രസിഡന്റ് കെ.സി. സജീവ് തൈക്കാട് അധ്യക്ഷത വഹിച്ച ചടങ്ങിൽ ടി.പി.ഡി.സി.എസ് സെക്രട്ടറി അമൽ എ വി നായർ, ഡയറക്ടർമാർ, പ്രവാസിസംരംഭകർ, നോർക്ക റൂട്ട്സ് ജീവനക്കാർ എന്നിവരും സംബന്ധിച്ചു. നോർക്ക റൂട്ട്സ് അസിസ്റ്റന്റ് മാനേജർ ജെൻസി ജോസി സ്വാഗതവും, അസിസ്റ്റന്റ് ഷിജി വി നന്ദിയും പറഞ്ഞു.
വായ്പാ നിർണ്ണയക്യാമ്പിൽ സംബന്ധിച്ചവരിൽ നിന്നും അർഹരായവർക്കും തുടർനടപടികൾ പൂർത്തിയാക്കി വായ്പ അനുവദിക്കും. രണ്ടു വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്തു മടങ്ങിയെത്തിയ പ്രവാസികൾക്ക് സംരംഭങ്ങൾ ആരംഭിക്കുന്നതിനും നിലവിലുളളവയുടെ വിപുലീകരണത്തിനും എൻ.ഡി.പി.ആർ.ഇ.എം പദ്ധതി പ്രയോജനപ്പെടുത്താം. സംരംഭങ്ങൾക്ക് 30 ലക്ഷം രൂപവരെയുളള വായ്പകൾ പദ്ധതിവഴി ലഭിക്കും. കൃത്യമായ വായ്പാ തിരിച്ചടവിന് 15 ശതമാനം മൂലധന സബ്സിഡിയും മുന്നു ശതമാനം പലിശ സബ്സിഡിയും ലഭിക്കും. പ്രവാസി കൂട്ടായ്മകൾ, പ്രവാസികൾ ചേർന്ന് രൂപീകരിച്ച കമ്പനികൾ, സൈാസൈറ്റികൾ എന്നിവർക്കും അപേക്ഷിക്കാൻ അർഹതയുണ്ട്.
പി.എൻ.എക്സ്. 3272/2026
- Log in to post comments