ജില്ലാതല ഓണാഘോഷം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായി ജില്ലാതലത്തില്‍ പൂക്കള മത്സരം
ഓരോ തദ്ദേശ സ്ഥാപനത്തില്‍നിന്നും ഭരണസമിതി അംഗങ്ങളും ജീവനക്കാരും ഉള്‍പ്പെട്ട ഓരോ ടീമുകള്‍ അണിനിരക്കും
സംസ്ഥാന വിനോദ സഞ്ചാര വകുപ്പും ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലും ജില്ലാ ഭരണകൂടവും ചേര്‍ന്ന് ഓഗസ്റ്റ് 24 മുതല്‍ 30 വരെ സംഘടിപ്പിക്കുന്ന ഓണാഘോഷത്തിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായി പൂക്കള മത്സരം ഒരുക്കും. ഓഗസ്റ്റ് 22ന് രാവിലെ ഒമ്പത് മുതല്‍ 12 വരെ നടക്കുന്ന മത്സരത്തില്‍ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലെയും ഭരണസമിതി അംഗങ്ങളും ജീവനക്കാരും ഉള്‍പ്പെട്ട അഞ്ചംഗങ്ങളുള്ള ഓരോ ടീമുകള്‍ അണിനിരക്കും. ആദ്യമായാണ് മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കുമായി ഇത്തരത്തിലൊരു മത്സരം സംഘടിപ്പിക്കുന്നത്.
കോഴിക്കോട് സൗത്ത്, കോഴിക്കോട് നോര്‍ത്ത്, ബേപ്പൂര്‍ നിയോജക മണ്ഡലങ്ങളും ജില്ലാ പഞ്ചായത്തും ഉള്‍പ്പെട്ട ഒരു ക്ലസ്റ്ററും മറ്റു 10 നിയോജക മണ്ഡലങ്ങളും ഉള്‍പ്പടെ 11 തലങ്ങളിലാണ് മത്സരം. അതത് തദ്ദേശ സ്ഥാപനത്തിലാണ് പൂക്കളം ഒരുക്കേണ്ടത്. ജഡ്ജിങ് പാനലിന്റെ സന്ദര്‍ശനത്തിന് ശേഷം ഓരോ വിഭാഗത്തിലെയും ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരെ പ്രഖ്യാപിക്കും. ആദ്യ രണ്ട് സ്ഥാനം നേടുന്ന ടീമുകള്‍ ജില്ലാതല മത്സരത്തിലേക്ക് യോഗ്യത നേടും.
പ്രത്യേക ജഡ്ജിങ് പാനലായിരിക്കും ജില്ലാതല വിധിനിര്‍ണയം നടത്തുക. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം ഒരു ലക്ഷം രൂപ, 50000 രൂപ, 25000 രൂപ എന്നിങ്ങനെ ക്യാഷ് പ്രൈസും ട്രോഫിയും സമ്മാനിക്കും. മത്സരത്തിനായി ഓഗസ്റ്റ് 21 വരെ രജിസ്റ്റര്‍ ചെയ്യാം.
- Log in to post comments