Skip to main content

ജില്ലാതല അറിയിപ്പുകള്‍

 

മത്സ്യത്തൊഴിലാളി വനിതകള്‍ക്ക് ധനസഹായത്തിന് അപേക്ഷിക്കാം

2026-27 സാമ്പത്തിക വര്‍ഷത്തില്‍ കണ്ണൂര്‍ ജില്ലയില്‍ ഫിഷറീസ് വകുപ്പ് സാഫ് മുഖേന നടപ്പിലാക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വനിതകള്‍ക്ക് സൂക്ഷ്മ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് സാഫ് ധനസഹായം നല്‍കുന്ന ഡവലപ്‌മെന്റ് ഓഫ് മൈക്രോ എന്റര്‍പ്രൈസസ് (ഡിഎംഇ), വണ്‍ ഫാമിലി വണ്‍ എന്റര്‍പ്രൈസ് പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു.  ഫിഷര്‍മാന്‍ ഫാമിലി രജിസ്റ്ററില്‍ (FFR) ഉള്‍പ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ 18 മുതല്‍ 40 വയസ്സുവരെയുള്ള സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. കേരളത്തിലെ ഏതെങ്കിലും മത്സ്യഗ്രാമത്തില്‍ സ്ഥിരതാമസക്കാരായിരിക്കണം. കുറഞ്ഞത് പത്താം ക്ലാസ് വിദ്യാഭ്യാസം ആവശ്യമാണ്. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.
തിരഞ്ഞെടുക്കപ്പെടുന്നവര്‍ ഏഴ് ദിവസത്തെ പരിശീലനത്തില്‍ പങ്കെടുക്കണം. പുതുമയുളളതും വിജയസാധ്യതയുമുള്ള സംരംഭങ്ങള്‍ക്കാണ് ധനസഹായം അനുവദിക്കുക. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ആഗസ്ത് 24. അപേക്ഷകള്‍ ബന്ധപ്പെട്ട മത്സ്യഭവനുകളിലും കണ്ണൂര്‍ ഫിഷറീസ് സ്റ്റേഷനിലും സമര്‍പ്പിക്കാവുന്നതാണ്.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0497-2732487.

ഊര്‍ജ്ജിത പാല്‍ പരിശോധന ക്യാമ്പ്

ഓണക്കാലത്ത് പാല്‍ ഉപഭോഗം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മായം കലര്‍ന്നതും ഗുണമേന്മ കുറഞ്ഞതുമായ പാലിന്റെ വിപണനവും ഉപഭോഗവും തടയുന്നതിന് കണ്ണൂര്‍ ജില്ലാ ക്ഷീരവികസന വകുപ്പിന്റെ ജില്ലാ ഗുണനിയന്ത്രണ വിഭാഗം ഓണക്കാല ഊര്‍ജ്ജിത പാല്‍ പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു.  പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം ആഗസ്ത് 20 രാവിലെ 10 മണിക്ക് കണ്ണൂര്‍ സിവില്‍ സ്റ്റേഷനിലെ എഫ്-ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ക്വാളിറ്റി കണ്‍ട്രോള്‍ ലബോറട്ടറിയില്‍ വച്ച് ജില്ലാ കളക്ടര്‍ പി. വിഷ്ണുരാജ് നിര്‍വ്വഹിക്കും. ആഗസ്ത് 20 മുതല്‍ ആഗസ്ത് 24 വരെയുള്ള ദിവസങ്ങളില്‍ രാവിലെ 10 മണി മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ കണ്ണൂര്‍ സിവില്‍ സ്റ്റേഷനില്‍ ഉള്ള ക്ഷീരവികസന വകുപ്പിന്റെ ജില്ലാ ക്വാളിറ്റി കണ്‍ട്രോള്‍ ലാബില്‍ സൗജന്യമായി പാല്‍ പരിശോധിച്ചു നല്‍കും. കൂടാതെ പാല്‍ ഗുണനിലവാരത്തെ കുറിച്ചുള്ള ഉപഭോക്താക്കളുടെ സംശയങ്ങള്‍ക്ക് ക്വാളിറ്റി കണ്‍ട്രോള്‍ ലാബിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന ജില്ലാ ഇന്‍ഫര്‍മേഷന്‍ സെന്ററുമായി ബന്ധപ്പെടാം.

ഹൈബ്രിഡ് തൈകള്‍ വില്‍പനയ്ക്ക്

പിലിക്കോട് കേരള കാര്‍ഷിക സര്‍വ്വകലാശാലയില്‍ കേരശ്രീ, കേരഗംഗ, അനന്തഗംഗ, ലക്ഷഗംഗ എന്നീ ഹൈബ്രിഡ് തെങ്ങിന്‍ തൈകളും മംഗള, മോഹിത് നഗര്‍, കാസര്‍കോഡന്‍ എന്നീ കവുങ്ങിന്‍ തൈകളും വില്‍പനയ്ക്ക്. ആവശ്യമുള്ളവര്‍ക്ക്  പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 9.30 മുതല്‍ വൈകുന്നേരം 3.30 വരെ നേരിട്ട് വന്ന് വാങ്ങാം.  ഫോണ്‍ :8547891632.  

സൗജന്യ നൈപുണ്യ പരിശീലന കോഴ്‌സ് 

വയനാട് ജില്ലയില്‍ കുടുംബശ്രീ മുഖേന നടപ്പിലാക്കിവരുന്ന ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ കൗശല്യയോജന പദ്ധതിയുടെ ഭാഗമായി ലവ് ഗ്രീന്‍ അസോസിയേഷന്‍, കല്‍പറ്റ - ടൂറിസം & ഹോസ്പിറ്റാലിറ്റി - ഡെമി ഷെഫ് ഡെ പാര്‍ട്ടേ (Demi Chef De Partie) സൗജന്യ തൊഴില്‍ അധിഷ്ഠിത നൈപുണ്യ പരിശീലന കോഴ്‌സ് ആരംഭിക്കുന്നു. താത്പര്യമുള്ള  18 - 35 പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ 0497 2702080.

സ്‌ക്രബ് നഴ്‌സ്, സ്റ്റാഫ് നഴ്‌സ് നിയമനം

കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ സ്‌ക്രബ് നഴ്‌സ്, സ്റ്റാഫ് നഴ്‌സ് തസ്തികകളിലേക്ക് താല്‍ക്കാലികമായി കരാര്‍ അടിസ്ഥാ നത്തില്‍ നിയമനം നടത്തുന്നതിന് യഥാക്രമം ആഗസ്ത് 19, 22 തീയതികളിലായി ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ വെച്ച് വാക്ക് - ഇന്‍ ഇന്റര്‍വ്യൂ നടത്തുംു. യോഗ്യത പ്ലസ് ടു സയന്‍സ്, ജനറല്‍ നഴ്‌സിങ്ങ് & മിഡ് വൈഫറി /ബി.എസ്.സി / എം.എസ്.സി. നഴ്‌സിങ്ങ് (കേരള പി.എസ്.സി. അംഗീകരിച്ചത്), കേരള നഴ്‌സസ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്. എക്‌സ്പീരിയന്‍സ് ഉള്ളവര്‍ക്ക് മുന്‍ഗണന.
താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ രാവിലെ 10 മണിക്ക് മുന്‍പായി യോഗ്യത, മേല്‍വിലാസം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകള്‍, ബയോഡാറ്റ, ഐഡന്റിറ്റി തെളിയിക്കുന്ന ഏതെങ്കിലും രേഖ എന്നിവ സഹിതം  ആശുപത്രി സൂപ്രണ്ട് മുന്‍പാകെ ഹാജരാകേണ്ടതാണ്.

പിഎസ് സി അഭിമുഖ പരീക്ഷ

കണ്ണൂര്‍, മലപ്പുറം ജില്ലകളിലെ താഴെ പറയുന്ന തസ്തികകളുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുകയും ഒറ്റത്തവണ പ്രമാണ പരിശോധന പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഭിമുഖപരീക്ഷ ഓഗസ്റ്റ് 19 ന് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ കണ്ണൂര്‍ ജില്ലാ ഓഫീസില്‍ വെച്ച് നടത്തുന്നതാണ്. അഭിമുഖ പരീക്ഷയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രൊഫൈല്‍ സന്ദേശം, ഫോണ്‍ സന്ദേശം എന്നിവ ഇതു സംബന്ധിച്ച് നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ അവരവരുടെ പ്രൊഫൈലില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്‌തെടുത്ത അഡ്മിഷന്‍ ടിക്കറ്റ്, ബയോഡാറ്റ ഫോം, വണ്‍ ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, മറ്റ് എല്ലാ അസ്സല്‍ പ്രമാണങ്ങളും കമ്മിഷന്‍ അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയും സഹിതം ഇന്റര്‍വ്യൂ ദിവസം നിശ്ചിത സമയത്ത് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ കണ്ണൂര്‍ ജില്ലാ ഓഫീസില്‍ ഹാജരാകേണ്ടതാണ്.
തസ്തിക, കാറ്റഗറി നമ്പര്‍, ചുരുക്കപ്പട്ടികയുടെ ജില്ല എന്നിവ ക്രമത്തില്‍

ഹൈസ്‌കൂള്‍ ടീച്ചര്‍ (മലയാളം) (റിക്രൂട്ട്‌മെന്റ് ബൈ ട്രാന്‍സ്ഫര്‍) ഇന്‍ ജനറല്‍ എഡുക്കേഷന്‍ ഡിപ്പാര്‍ട്‌മെന്റ്- 761/2025 - കണ്ണൂര്‍
ഹൈസ്‌കൂള്‍ ടീച്ചര്‍ (ഇംഗ്ലീഷ്) (റിക്രൂട്ട്‌മെന്റ് ബൈ ട്രാന്‍സ്ഫര്‍) ഇന്‍ എഡുക്കേഷന്‍ ഡിപ്പാര്‍ട്‌മെന്റ് - 28720/25  കണ്ണൂര്‍
ഹൈസ്‌കൂള്‍ ടീച്ചര്‍ (മാത്തമാറ്റിക്‌സ്) മലയാളം മീഡിയം (റിക്രൂട്ട്‌മെന്റ് ബൈ ട്രാന്‍സ്ഫര്‍) ഇന്‍ ജനറല്‍ എഡുക്കേഷന്‍ ഡിപ്പാര്‍ട്‌മെന്റ് - 762/25 (കെഎന്‍ആര്‍) & 283/25 (എംഎല്‍പി)  കണ്ണൂര്‍ & മലപ്പുറം.

സീറ്റൊഴിവ്

പെരിങ്ങോം സര്‍ക്കാര്‍ കോളേജില്‍ 2026-27 അധ്യയന വര്‍ഷം ഒന്നാം വര്‍ഷം ബി.എസ്.സി. മാത്തമാറ്റിക്‌സ്, ബി.എ. ഇംഗ്ലീഷ് എന്നീ പ്രോഗ്രാമുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ആഗസ്ത് 20 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോളേജ് ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോണ്‍ നമ്പര്‍ 04985 295440, 9188900211, ഇമെയില്‍- govtcollegepnr@gmail.com.

കേരള സര്‍ക്കാരിന്റെ പി.എസ്.സി അംഗീകരിച്ച ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്‌സ് 2026-28 ബാച്ചിലെ ഒഴിവുള്ള മെറിറ്റ് സീറ്റിലേക്ക് അഡ്മിഷന്‍ ആഗ്രഹിക്കുന്നവര്‍ ആഗസ്റ്റ് 19 ന് അഞ്ച് മണിക്ക് മുന്‍പായി നേരിട്ട് കോളേജില്‍ എത്തിച്ചേരണം.

തടി ലേലം

കേരള വനം വകുപ്പിന്റെ കണ്ണൂര്‍ കൂത്തുപറമ്പ് കണ്ണവം (കണ്ണോത്ത്) ഗവ.ടിമ്പര്‍ ഡിപ്പോ കണ്ണവം റെയ്ഞ്ചിലെ 1961 തേക്ക് തോട്ടത്തില്‍ നിന്നും ശേഖരിച്ച മൂപ്പെത്തിയ ഗുണനിലവാരമുള്ള വിവിധ ക്ലാസില്‍പ്പെട്ട തടികളുടെ ഓണ്‍ലൈന്‍ ലേലം ആഗസ്ത് 21 ന് നടത്തുന്നു.  ഫോണ്‍ 0490-2302080, 8547602859.

date