Skip to main content

അലനല്ലൂര്‍, മണ്ണാര്‍ക്കാട് കര്‍ഷക ദിനാചരണം സംഘടിപ്പിച്ചു ഹൈടെക്ക് ഫാമിങ് വിപുലമാക്കി ഉത്പാദനം വർധിപ്പിക്കണമെന്ന് മന്ത്രി എന്‍. ഷംസുദ്ദീന്‍

ഹൈടെക് ഫാമിങ് ഉള്‍പ്പെടെയുള്ള ആധുനിക കൃഷിരീതികള്‍ പ്രയോജനപ്പെടുത്തി ഉത്പാദനം വര്‍ധിപ്പിക്കാൻ ശ്രമിക്കണമെന്ന്  പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍. ഷംസുദ്ദീന്‍. പുതിയകാലത്തിന് ചേര്‍ന്ന നവസാങ്കേതികവിദ്യകള്‍ കൂടി പ്രയോജനപ്പെടുത്തി കൃഷിയില്‍ സ്വയംപര്യാപ്തത കൈവരിക്കാനാകണം.   മുന്‍പ് കേരളത്തില്‍ വിളയാത്ത വിദേശ പഴവര്‍ഗങ്ങളും പുതിയ വിളകളും ഇന്ന് വിജയകരമായി കൃഷി ചെയ്യാന്‍ സാധിക്കുന്നത് കാര്‍ഷിക രംഗത്തുണ്ടായ വലിയ ഉണര്‍വാണെന്നും മന്ത്രി പറഞ്ഞു. അലനല്ലൂര്‍, മണ്ണാര്‍ക്കാട് കൃഷിഭവനുകള്‍ സംഘടിപ്പിച്ച കര്‍ഷക ദിനാചരണവും കര്‍ഷകരെ ആദരിക്കല്‍ ചടങ്ങും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

ജലസേചന സൗകര്യങ്ങള്‍ വിപുലപ്പെടുത്തിയും കൃഷിവകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും നല്‍കുന്ന സഹായങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തിയും കാര്‍ഷിക മേഖലയെ കൂടുതല്‍ സജീവമാക്കാന്‍ കൂട്ടായ ശ്രമം വേണം. പരമ്പരാഗത കര്‍ഷകരെ ചേര്‍ത്തുപിടിക്കുന്നതോടൊപ്പം കുട്ടികള്‍ ഉള്‍പ്പെടെയുള്ള പുതിയ തലമുറയെയും കൃഷിയിലേക്ക് ആകര്‍ഷിക്കാന്‍ സര്‍ക്കാര്‍ വിവിധ പദ്ധതികളാണ് നടപ്പാക്കുന്നത്. ഓരോ പ്രദേശത്തിനും കൂടുതല്‍ അനുയോജ്യമായ കൃഷികള്‍ കണ്ടെത്തി വ്യാപിപ്പിക്കാനും ഉത്പാദനം വര്‍ധിപ്പിച്ച് കാര്‍ഷിക മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്താനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രദേശത്തെ മികച്ച കര്‍ഷകരെ ആദരിക്കുകയും പുരസ്‌കാരങ്ങള്‍ സമ്മാനിക്കുകയും ചെയ്തു. ചന്തപ്പടി എസ്.കെ.ആര്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച പരിപാടിയില്‍ അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ഹബീബുള്ള അന്‍സാരിയും മണ്ണാര്‍ക്കാട് അല്‍ ഫായിദ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സജ്‌ന ടീച്ചറും അധ്യക്ഷരായി.

പരിപാടികളില്‍ ജില്ലാ പഞ്ചായത്ത് അംഗം റഷീദ് ആലായന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മറിയ ആമ്പുക്കാട്, സ്ഥിരംസമിതി അധ്യക്ഷര്‍, വാര്‍ഡ് കൗണ്‍സിലര്‍മാര്‍, മറ്റ് ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, കൃഷി ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു

date