കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ ഒഴിവുകൾ; ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ പ്രിൻസിപ്പൽ സയന്റിഫിക് ഓഫീസർ, സയന്റിഫിക് ഓഫീസർ തസ്തികകളിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന, കേന്ദ്ര സർക്കാർ സർവീസുകളിലോ സർവകലാശാലകളിലോ ജോലി ചെയ്യുന്ന യോഗ്യരായ ജീവനക്കാർക്ക് അപേക്ഷിക്കാം. സെപ്റ്റംബർ 15 വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള സമയം.
പ്രിൻസിപ്പൽ സയന്റിഫിക് ഓഫീസറുടെ രണ്ട് ഒഴിവുകളാണുള്ളത്. ഏതെങ്കിലും ലൈഫ് സയൻസ് വിഷയത്തിൽ എം.എസ്.സിയും പിഎച്ച്.ഡിയും, സയന്റിഫിക് അല്ലെങ്കിൽ അക്കാദമിക് മേഖലയിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. സമുദായ പങ്കാളിത്തത്തോടെയുള്ള ജൈവവൈവിധ്യ സംരക്ഷണ പ്രവർത്തനങ്ങളിൽ പരിചയസമ്പത്തുള്ളവർക്ക് മുൻഗണന ലഭിക്കും.
സയന്റിഫിക് ഓഫീസറുടെ ഒരു ഒഴിവിലേക്ക് ലൈഫ് സയൻസിൽ എം.എസ്.സിയും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവുമാണ് അടിസ്ഥാന യോഗ്യത. എം.ഫിൽ/പിഎച്ച്.ഡി ഉള്ളവർക്കും ജനകീയ പങ്കാളിത്തത്തോടെയുള്ള ജൈവവൈവിധ്യ സംരക്ഷണ പ്രവർത്തനങ്ങളിൽ പരിചയമുള്ളവർക്കും മുൻഗണനയുണ്ടാകും.
കെ.എസ്.ആർ റൂൾ 144 പ്രകാരമുള്ള പ്രൊഫോമയിലെ വിവരങ്ങൾ, ബയോഡാറ്റ, വകുപ്പുതല മേധാവിയുടെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻ.ഒ.സി) എന്നിവ സഹിതം വകുപ്പുമേധാവി മുഖേന വേണം അപേക്ഷ നൽകാൻ. പൂരിപ്പിച്ച അപേക്ഷകൾ വകുപ്പുതല മേധാവി മുഖേന 'മെമ്പർ സെക്രട്ടറി, കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ്, കൈലാസം, ടി.സി 4/1679 (1), നമ്പർ 43, ബെൽഹാവൻ ഗാർഡൻസ്, കവടിയാർ പി.ഒ, തിരുവനന്തപുരം - 695003' എന്ന വിലാസത്തിലാണ് അയയ്ക്കേണ്ടത്. വിശദ വിവരങ്ങൾക്ക്: ഫോൺ: 0471- 2724740, വെബ്സൈറ്റ്: www.keralabiodiversity.org, ഇമെയിൽ: keralabiodiversity@gmail.com, kerala.sbb@kerala.gov.in.
പി.എൻ.എക്‌സ്. 3299/2026
- Log in to post comments