ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഹ്രസ്വചിത്ര മൽസരം
ലഹരിക്കെതിരായ പോരാട്ടമായ ഓപ്പറേഷൻ തൂഫാൻറെ ഭാഗമായി വിദ്യാർത്ഥികൾക്കായി ഹ്രസ്വചിത്ര മൽസരം സംഘടിപ്പിക്കുന്നു. ഹൈസ്കൂൾ, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി തലങ്ങളിലാണ് മൽസരങ്ങൾ സംഘടിപ്പിക്കുന്നതെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭാഗമായ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യുക്കേഷണൽ ടെക്നോളജി (SIET) ആഭ്യന്തര വകുപ്പുമായി ചേർന്ന് സംഘടിപ്പിക്കുന്ന മൽസരത്തിൽ ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും മൽസരങ്ങൾ നടക്കും. സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നവർക്ക് ഒരു ലക്ഷം രൂപയാണ് പാരിതോഷികം. രണ്ടാം സ്ഥാനക്കാർക്ക് എഴുപത്തി അയ്യായിരം രൂപയും മൂന്നാം സ്ഥാനക്കാർക്ക് അമ്പതിനായിരം രൂപയും സമ്മാനം നൽകും. ഹ്രസ്വചിത്ര മൽസരത്തിന്റെ ലോഗോ മന്ത്രി പ്രകാശനം ചെയ്തു.
അഞ്ച് മിനിട്ട് മുതൽ പത്ത് മിനിട്ട് വരെയാണ് ഹ്രസ്വചിത്രത്തിന്റെ സമയപരിധി. കുട്ടികൾ തന്നെയാകണം ഹ്രസ്വചിത്രം നിർമിക്കേണ്ടത്. ഓരോ ജില്ലയിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന മൂന്ന് സ്കൂളുകൾക്ക് സംസ്ഥാന തലത്തിൽ മൽസരിക്കാൻ അർഹതയുണ്ടാകും. തിരുവനന്തപുരത്തെ സിനിമാ തിയേറ്റർ ആകും സംസ്ഥാനതല മൽസരത്തിന്റെ പ്രദർശനവേദി.
പി.എൻ.എക്സ്. 3302/2026
- Log in to post comments