മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി നടത്തിയ വാർത്താസമ്മേളനം. (18/08/2026)
കൊച്ചി രാമൻതുരുത്തിൽ കൊച്ചിൻ ഷിപ്പ്‌യാർഡിന് 18.16 ഏക്കർ സ്ഥലം ലീസിന് നൽകാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. ഷിപ്പ് ബ്ലോക്ക് നിർമാണത്തിനായുള്ള പദ്ധതിയാണ് നടപ്പിലാക്കുന്നത്. 5,000 കോടി രൂപയുടെ നിക്ഷേപമാണ് കൊച്ചിൻ ഷിപ്പ്‌യാർഡ് അവിടെ നടത്താമെന്ന് ഏറ്റിരിക്കുന്നത്. 2,000 പേർക്ക് നേരിട്ടും നിരവധിയാളുകൾക്ക് പരോക്ഷമായും തൊഴിൽ ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വാർഷിക ലീസ് തുകയായി 1.45 കോടി രൂപയും ജി.എസ്.ടി ഉൾപ്പെടെ ആകെ 1.70 കോടി രൂപയും സർക്കാരിന് ലഭിക്കും. നാളുകളായി തീരുമാനമാകാതെയിരുന്ന വിഷയം സർക്കാർ അധികാരത്തിൽ വന്നശേഷം തുടർചർച്ചയിലൂടെ വേഗത്തിൽ തീരുമാനിക്കുകയായിരുന്നു.
ഓണത്തോട് അനുബന്ധിച്ച് ക്ഷേമ പെൻഷനുകളും മറ്റ് ആനുകൂല്യങ്ങളും കൃത്യമായി വിതരണം ചെയ്യാനുള്ള നടപടികൾ പൂർത്തിയായതായി മുഖ്യമന്ത്രി അറിയിച്ചു. ക്ഷേമ പെൻഷൻ ആഗസ്റ്റ് 19 മുതൽ വിതരണം ചെയ്യും. ഇതിനായി 1,105 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഒരു മാസവും പെൻഷൻ മുടങ്ങരുത് എന്ന സംസ്ഥാന സർക്കാരിന്റെ നയത്തിന്റെ ഭാഗമായാണ് നടപടി. സാമൂഹ്യ സുരക്ഷാ പെൻഷനിലെ 59 ലക്ഷത്തിലധികം ഗുണഭോക്താക്കൾക്കായി സംസ്ഥാന വിഹിതമായ 951.40 കോടി രൂപയും, 16 ക്ഷേമനിധി ബോർഡുകളിലെ 6.59 ലക്ഷം പേർക്ക് 130.32 കോടി രൂപയും അനുവദിച്ചു. ദേശീയ സാമൂഹ്യ സഹായ പദ്ധതി വിഹിതമായി 24.76 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആനുകൂല്യങ്ങൾക്കായി 630.05 കോടി രൂപ നീക്കിവെച്ചു. അംഗൻവാടി പെൻഷൻകാരുടെ ജൂലൈ 31 വരെയുള്ള മുഴുവൻ കുടിശികയും തീർപ്പാക്കാൻ 24 കോടി രൂപ കൂടി അനുവദിച്ചു. നേരത്തെ 10 കോടി രൂപ അനുവദിച്ചിരുന്നു. ജീവനക്കാർക്കും അധ്യാപകർക്കും 4,500 രൂപ ബോണസും, 20,000 രൂപ ഓണം അഡ്വാൻസും, ബോണസിന് അർഹതയില്ലാത്തവർക്ക് 3,000 രൂപ ഉത്സവബത്തയും ആനുവദിക്കും. പാർട്ട് ടൈം കണ്ടിൻജന്റ് ജീവനക്കാർക്ക് 6,000 രൂപ അഡ്വാൻസും, സർവീസ് പെൻഷൻകാർക്ക് 1,250 രൂപ ബോണസും, ആശ-അംഗൻവാടി പ്രവർത്തകർക്ക് 1,450 രൂപ ഉത്സവബത്തയും നൽകും.
പിന്നോക്ക വിഭാഗ സ്‌കോളർഷിപ്പ് കുടിശിക തീർപ്പാക്കാൻ 310 കോടി രൂപയും, ആരോഗ്യകിരണം ഉൾപ്പെടെയുള്ള പദ്ധതികളിലെ അടിയന്തര ബാധ്യതകൾക്ക് 200 കോടി രൂപയും അനുവദിച്ചു. സപ്ലൈകോ വഴി നെല്ല് സംഭരിച്ചതിന്റെ പി.ആർ.എസ് കുടിശിക തീർക്കാൻ 150 കോടി രൂപ നൽകി. സപ്ലൈകോയ്ക്ക് സബ്സിഡി ഇനത്തിൽ 53 കോടി രൂപ മുൻകൂറായി നൽകിയതിനൊപ്പം കൺസ്യൂമർഫെഡിന് 25 കോടി രൂപയും അനുവദിച്ചു.
തൊഴിലുറപ്പ് മേഖലയിൽ 100 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയ 3.68 ലക്ഷം കുടുംബങ്ങൾക്ക് 1,200 രൂപ വീതം നൽകാൻ 44.24 കോടി രൂപയും, അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലെ 100 ദിനങ്ങൾ പൂർത്തിയാക്കിയ 7,080 പേർക്ക് 1,200 രൂപ വീതം അനുവദിക്കാൻ 85 ലക്ഷം രൂപയും ഉൾപ്പെടെ 45.09 കോടി അനുവദിച്ചു. സ്‌കൂൾ പാചക തൊഴിലാളികളുടെ വേതനം വർദ്ധിപ്പിച്ച തുക ഉൾപ്പെടെ വിതരണം ചെയ്യാൻ 44 കോടി രൂപയും ലോട്ടറി ക്ഷേമനിധിയിലേക്ക് 26.47 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
എൻഡോസൾഫാൻ ദുരിതബാധിതർക്കായുള്ള ധനസഹായത്തിനായും പുനരധിവാസവുമായി ബന്ധപ്പെട്ടും 14.40 കോടി രൂപയും, 60 വയസ്സിന് മുകളിലുള്ള 52,826 പട്ടികവർഗ്ഗക്കാർക്ക് ഓണക്കോടിക്കായി 5.28 കോടി രൂപയും വകയിരുത്തി. സ്പോർട്സ് കൗൺസിൽ കരാർ ജീവനക്കാരുടെ ശമ്പള കുടിശികയ്ക്ക് 1.5 കോടി രൂപയും, പൂട്ടിപ്പോയ തോട്ടങ്ങളിലെ തൊഴിലാളികളുടെ ആശ്വാസത്തിന് 20-21 ലക്ഷം രൂപയും അനുവദിച്ചു. ആശ്വാസകിരണം പദ്ധതിയിലെ പ്രതിമാസ സഹായം 600 രൂപയിൽ നിന്ന് 1,000 രൂപയാക്കി ഉയർത്തുകയും, കൈത്തറി യൂണിഫോം പദ്ധതിക്കായി നെയ്ത്തുകൂലി ഉൾപ്പെടെ 30 കോടി രൂപ അനുവദിക്കുകയും ചെയ്തു. സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഈ ബാധ്യതകളെല്ലാം സർക്കാർ നിർവഹിക്കുകയാണ്.
ഓണക്കിറ്റ് വിതരണം കാര്യക്ഷമമല്ലെന്ന പ്രചരണം തെറ്റാണ്. സംസ്ഥാന സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം കാര്യക്ഷമമായി പുരോഗമിക്കുകയാണ്. ആഗസ്റ്റ് 18 ഉച്ചയ്ക്ക് രണ്ടര വരെയുള്ള കണക്കനുസരിച്ച് റേഷൻ കടകളിൽ എത്തിക്കാൻ തയാറാക്കിയിരിക്കുന്ന ആകെ കിറ്റുകളുടെ എണ്ണം 6,02,609 ആണ്. യഥാർഥത്തിൽ 5.93 ലക്ഷം കിറ്റുകളാണ് ആവശ്യമുള്ളത്. എന്നാൽ കരുതൽ എന്ന നിലയ്ക്ക് ആറ് ലക്ഷത്തിൽ പരം കിറ്റുകൾ തയ്യാറാക്കിയിട്ടുണ്ട്. ഇതുവരെ റേഷൻ കടകളിലെത്തിച്ചത് 3,06,092 കിറ്റുകളാണ്. അതായത് ആകെ കിറ്റുകളുടെ പകുതിയിലധികം കിറ്റുകൾ റേഷൻ കടകൾ വിതരണത്തിനെത്തിയിട്ടുണ്ട്. 75,885 കാർഡുടമകൾ ഇതിനോടകം കിറ്റ് കൈപ്പറ്റി. ഓണക്കിറ്റ് വിതരണം ചെയ്യുന്നില്ല എന്നത് കുപ്രചരണമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൃത്യസമയത്ത് തന്നെ ഓണക്കിറ്റുകളുടെ വിതരണം സർക്കാർ പൂർത്തിയാക്കും.
മാവേലി സ്റ്റോറുകളിൽ 13 അവശ്യസാധനങ്ങൾ സബ്‌സിഡി നിരക്കിൽ ലഭ്യമാക്കിയിട്ടുണ്ട്. വിലക്കയറ്റം കൂടാതെ ഇവ സപ്ലൈകോയുടെ മുഴുവൻ വിൽപ്പനശാലകളിലും വിതരണത്തിന് എത്തിച്ചിട്ടുണ്ട്. ചെറുപയർ, ഉഴുന്ന്, വൻപയർ, കടല, തുവരപ്പരിപ്പ് തുടങ്ങിയ പത്ത് അവശ്യഇനങ്ങൾ കഴിഞ്ഞ വർഷത്തേക്കാൾ കുറഞ്ഞ സബ്‌സിഡി നിരക്കിലാണ് വിൽക്കുന്നത്. ശബരി വെളിച്ചെണ്ണയുടെ വില വീണ്ടും കുറച്ചു. സപ്ലൈകോ വഴി വിൽപ്പന നടത്തുന്ന ശബരി വെളിച്ചെണ്ണയുടെ വില ലീറ്ററിന് 249 രൂപയിൽ നിന്ന് 20 രൂപ കുറച്ച് 229 രൂപയാക്കിയിട്ടുണ്ട്. ഓണം പ്രമാണിച്ച് ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെ സബ്‌സിഡി സാധനങ്ങൾ റേഷൻ കാർഡ് ഉപയോഗിച്ച് ഒരുമിച്ച് വാങ്ങാനും അവസരമുണ്ട്.
കേരളത്തിൽ നിന്നുള്ള സുഗന്ധദ്രവ്യങ്ങൾ, നമ്മുടെ കാർഷിക ഉത്പന്നങ്ങൾ, കേരളത്തിലുണ്ടാക്കുന്ന പ്രൊഡക്ടുകൾ എല്ലാ പകുതി ചെലവിലും പകുതി സമയത്തും കേരളത്തിൽ നിന്ന് കയറ്റുമതി ചെയ്യാൻ പറ്റാവുന്ന ഒരു സാഹചര്യമാണ് നമുക്ക് വിഴിഞ്ഞം തുറമുഖത്ത് ഉണ്ടായിരിക്കുന്നത്. ഇത് നമുക്ക് പരമാവധി പ്രയോജനപ്പെടുത്തണം. കൊച്ചി പോർട്ടിനെയും ബാക്കിയുള്ള പതിനെട്ട് മിനി പോർട്ടുകളെയും കണക്ട് ചെയ്ത് മുഴുവൻ കേരളത്തെയും ഒരു തുറമുഖ നഗരമാക്കാനുള്ള ഈ സർക്കാരിന്റെ സ്വപ്നം സാക്ഷാത്ക്കരിക്കാനുളള മിഷൻ സമുദ്രയ്ക്കും തുടക്കമായെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ദേശീയപാത നിർമ്മാണം വേഗത്തിലാക്കാനുള്ള നടപടികൾ ഗവൺമെന്റ് ആരംഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രി തന്നെ പങ്കെടുത്ത ദേശീയപാത അതോറിറ്റിയുടെ ആളുകളുമായിട്ടുള്ള ചർച്ചകൾ നടന്നു. വിശദമായ ചർച്ചകളിൽ ഒരോ സെക്ടറിനെ കുറിച്ചുളള ചർച്ചകൾ നടത്തി. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ആ ചർച്ചകൾ തുടരുകയാണ്. ഏറ്റവും സ്ലോ ആയ റീച്ചുകളുടെ മുഴുവൻ കണക്കുകൾ എടുത്തു. പ്രശ്‌നങ്ങളുള്ള റീച്ചുകൾ, പരാതികൾ ഉള്ള റീച്ചുകൾ എന്നിവയുടെ കണക്കുകളും എടുത്ത് അവർക്ക് മുൻപാകെ അവതരിപ്പിച്ചിട്ടുണ്ട്. തുടർപ്രവർത്തനങ്ങൾ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലും നാഷണൽ ഹൈവേ അതോറിറ്റിയുടെ നേതൃത്വത്തിലും നടക്കുന്നുണ്ട്. എത്രയും വേഗം പ്രവർത്തികൾ പൂർത്തിയാക്കാനുള്ള നടപടികൾ സ്വീകരിക്കും.
പി.എൻ.എക്‌സ്. 3314/2026
- Log in to post comments