പൊതുമേഖലാ, സഹകരണ ടെക്സ്റ്റൈൽ സ്പിന്നിംഗ് മിൽ തൊഴിലാളികൾക്ക് അറ്റൻഡൻസ് ഇൻസെന്റീവ്
പൊതുമേഖലാ, സഹകരണ ടെക്സ്റ്റൈൽ സ്പിന്നിംഗ് മില്ലുകളിലെ തൊഴിലാളികൾക്ക് 2026 വർഷത്തെ അറ്റൻഡൻസ് ഇൻസെന്റീവ് കഴിഞ്ഞ വർഷം ഹാജർ ഒന്നിന് നൽകിയ തുകയേക്കാൾ രണ്ടു രൂപ വർദ്ധിപ്പിച്ച് നൽകാനും നിയമാനുസൃത നിരക്കിലുള്ള ബോണസ് വിതരണം ചെയ്യാനും ധാരണയായി. ലേബർ കമ്മീഷണർ സഫ്ന നസറുദ്ദീന്റെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിലാണ് തീരുമാനം. ബോണസിനും ഫെസ്റ്റിവൽ അലവൻസിനും അർഹതയുള്ള എല്ലാ തൊഴിലാളികൾക്കും അറ്റൻഡൻസ് ഇൻസെന്റീവിനും അർഹതയുണ്ടായിരിക്കും. മേൽപ്പറഞ്ഞ തുകകൾ ഓഗസ്റ്റ് 24 മുതൽ 29 വരെയുള്ള തീയതികളിലോ അതിനു മുൻപായോ തൊഴിലാളികൾക്ക് വിതരണം ചെയ്യും.
തൊഴിൽ ഭവൻ കോൺഫറൻസ് ഹാളിൽ നടന്ന ചർച്ചയിൽ അഡീഷണൽ ലേബർ കമ്മീഷണർ ബിച്ചു ബാലൻ, ഡെപ്യൂട്ടി ലേബർ കമ്മീഷണർ കെ.എൽ. സതീഷ്‌കുമാർ, തൊഴിലാളി പ്രതിനിധികളായ എം ആർ രാജൻ, പി. കെ. രവീന്ദ്രനാഥ്, വി വി ശശീന്ദ്രൻ, കെ ഉദയകുമാർ, അനസ് എസ്., ഹംസ മല്ലപ്പള്ളി എന്നിവരും തൊഴിലുടമ പ്രതിനിധികളായ എ സുകുമാർ, വി ആർ ഹോബി, ആബി തോമസ്, സാജിദ് അബ്ബാസ്, രമേഷ് പി എന്നിവരും ധാരണാ പത്രത്തിൽ ഒപ്പുവച്ചു. തൊഴിലാളികൾക്ക് ഓണക്കാലത്ത് അർഹമായ ആനുകൂല്യങ്ങൾ സമയബന്ധിതമായി ലഭ്യമാക്കുന്നതിനാണ് ധാരണയായത്.
പി.എൻ.എക്‌സ്. 3337/2026
- Log in to post comments