ഓണക്കാലത്ത് സൗജന്യ പാല്‍ ഗുണനിലവാര പരിശോധനയുമായി ക്ഷീരവികസന വകുപ്പ്
ഓണത്തോടനുബന്ധിച്ച് പൊതുജനങ്ങൾക്ക് ഗുണനിലവാരമുള്ള പാൽ ഉറപ്പുവരുത്തുന്നതിനായി ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 20 മുതൽ 24 വരെ സൗജന്യ പാൽ ഗുണനിലവാര പരിശോധന നടത്തുന്നു. ജില്ലാ ഗുണനിലവാര നിയന്ത്രണ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പരിശോധന സംഘടിപ്പിക്കുന്നത്. വിപണിയിൽ ലഭ്യമാകുന്ന വിവിധ ബ്രാൻഡ് പാലുകൾ, കർഷകരിൽ നിന്നും ക്ഷീരസംഘങ്ങളിൽ നിന്നും വാങ്ങുന്ന പാൽ എന്നിവയുടെ ഗുണനിലവാരം പൊതുജനങ്ങൾക്ക് ലാബിൽ സൗജന്യമായി പരിശോധിച്ച് ഉറപ്പുവരുത്താം. കൂടാതെ, പാലിലെ മായം ചേർക്കലുകളെയും ഗുണനിലവാരത്തെയും സംബന്ധിച്ച സംശയനിവാരണത്തിനും അവസരമുണ്ടാകും. മലപ്പുറം സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ക്ഷീരവികസന വകുപ്പ് ജില്ലാ ഗുണനിയന്ത്രണ ഓഫീസിലാണ് സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്. പരിശോധനയ്ക്കുള്ള പാൽ സാമ്പിളുകൾ ഓഗസ്റ്റ് 20 മുതൽ 24 വരെയുള്ള ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകീട്ട് അഞ്ച് മണി വരെ ഓഫീസിൽ നേരിട്ടെത്തിക്കാം.
- Log in to post comments