*എക്സൈസ് വകുപ്പിന്റെ ഓണം സ്പെഷ്യല്‍ എന്‍ഫോഴ്സ്മെന്റ് ഡ്രൈവ് ആരംഭിച്ചു*
തൃശ്ശൂര്‍ ജില്ലയില്‍ എക്സ്ക്സൈസ് വകുപ്പ് ഓണം സ്പെഷ്യല്‍ എന്‍ഫോഴ്സ്മെന്റ് ഡ്രൈവ് ആരംഭിച്ചു. വ്യാജവാറ്റ്, വ്യാജമദ്യവ്യാപനം, സ്പിരിറ്റ് കടത്ത്, വ്യാജമദ്യ നിര്‍മ്മാണം, ചാരായ നിര്‍മ്മാണം, സ്പിരിറ്റ് ചാരായമായും നിറം കലര്‍ത്തി വിദേശമദ്യമായും ഉപയോഗിക്കല്‍, കള്ളിന്റെ വീര്യവും അളവും കൂട്ടാനുള്ള മായംചേര്‍ക്കലുകള്‍ എന്നീ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് ഫലപ്രദവും ശക്തവുമായ എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നുണ്ട്. വ്യാജമദ്യവും, ലഹരിമരുന്നുകളും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള മദ്യവും സംസ്ഥാനത്തിനകത്തേയ്ക്ക് വരുന്നതിന് സാദ്ധ്യത കൂടുതലായതിനാല്‍ വാഹന പരിശോധന കര്‍ശ്ശനമാക്കിയിട്ടുണ്ട്.
എക്സൈസ്, ചെക്ക്പോസ്റ്റ് വഴി കടന്നുവരുന്ന പച്ചക്കറി, മത്സ്യം എന്നിവ കയറ്റിവരുന്ന വാഹനങ്ങളും, ചരക്ക് ഇല്ലാതെ വരുന്ന വാണിജ്യ വാഹനങ്ങള്‍, ടാങ്കര്‍ ലോറി തുടങ്ങിയവ പ്രത്യേകം പരിശോധന നടത്തുന്നുണ്ട്. ആദിവാസി ഉന്നതികള്‍ കേന്ദ്രീകരിച്ചുള്ള വ്യാജമദ്യ നിര്‍മ്മാണവും, വില്‍പ്പനയും വ്യാജമദ്യ ദുരന്തങ്ങള്‍ക്ക് കാരണമാകാവുന്നതിനാല് ഈ മേഖലകള്‍ കേന്ദ്രീകരിച്ച് ഊര്ജ്ജിതപരിശോധനകള് നടത്തുന്നുണ്ട്.
അന്യ സംസ്ഥാന തൊഴിലാളികള്‍ മയക്ക് മരുന്ന് ഉപയോഗത്തിലും വിപണനത്തിലും സജീവമായതിനാല്‍ അത്തരം തൊഴിലാളികളുടെ താമസസ്ഥലങ്ങളില്‍ പരിശോധനയും, അന്യ സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ലേബര്‍ ക്യാമ്പുകളിലും, ഇവര്‍ എത്തിച്ചേരുന്ന ട്രെയിനുകളിലും പരിശോധന കര്‍ശ്ശനമാക്കി. എക്സൈസ് റെയില്‍വേ പോലീസുമായി ചേര്‍ന്ന് റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചും തീരപ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് കോസ്റ്റല്‍ പോലീസുമായി ചേര്‍ന്നും സംയുക്ത പരിശോധന നടത്തുന്നുണ്ട്. അബ്കാരി, എന്‍.ഡി.പി.എസ്. കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള മുന്‍കുറ്റവാളികളെ സംബന്ധിച്ച് അവരുടെ താമസവും ഇപ്പോഴത്തെ പ്രവര്‍ത്തനവും സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ നേരിട്ട് പരിശോധനയും നടത്തുന്നുണ്ട്.
സ്പെഷ്യല്‍ ഡ്രൈവ് കാലയളവില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഒരു ജില്ലാതല എക്സൈസ് കണ്ട്രോള് റൂം തൃശ്ശൂര്‍ ഡിവിഷന് ഓഫീസില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. (കണ്ട്രോള് റൂമിന്റെ നമ്പര്‍ 04872361237). ജില്ലയില്‍ 5 എക്സൈസ് സര്‍ക്കിള്‍ ഓഫീസുകള്‍ കേന്ദ്രീകരിച്ച് താലൂക്ക്തലത്തില്‍ എക്സൈസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ 2 സ്ട്രൈക്കിംഗ് ഫോഴ്സും, എന്‍.എച്ച് 66, എന്‍.എച്ച് 544 എന്നീ ഹൈവേകളില്‍ 24 മണിക്കൂറും പട്രോളിംഗ് ടീമും പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാവിധ എന്‍ഫോഴ്സ്മെന്റ് ക്രമീകരണങ്ങളും 24 മണിക്കൂറും ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ നിരീക്ഷണത്തിലാണ്.
*പ്രധാന കണ്ട്രോള് റും ഫോണ്‍ നമ്പറുകള്‍*
എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡ് തൃശൂര്‍ - 04872362002
എക്സൈസ് സര്‍ക്കിള്‍ ഓഫീസ്, തൃശൂര്‍ - 04872327020
എക്സൈസ് സര്‍ക്കിള്‍ ഓഫീസ്, വടക്കാഞ്ചേരി - 04884232407
എക്സൈസ് സര്‍ക്കിള്‍ ഓഫീസ്, വാടാനപ്പള്ളി - 04872290005
എക്സൈസ് സര്‍ക്കിള്‍ ഓഫീസ്, കൊടുങ്ങല്ലൂര്‍ - 04802809390
എക്സൈസ് സര്‍ക്കിള്‍ ഓഫീസ്, ഇരിഞ്ഞാലക്കുട - 04802832800
- Log in to post comments