ഡിടിപിസി ജീവനക്കാർക്ക് ഓണം ബോണസ് അനുവദിക്കാൻ തീരുമാനം
ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലുകളിലെ (ഡിടിപിസി) ജീവനക്കാർക്ക് 2026ലെ ഓണം ബോണസ് അനുവദിക്കാൻ തീരുമാനം. ടൂറിസം, സാംസ്‌കാരിക, സിനിമാ വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥിന്റെ അധ്യക്ഷതയിൽ കെ.ടി.ഡി.സി. മാസ്‌കോട്ട് ഹോട്ടലിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
ഡിടിപിസി എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനത്തിനും സ്ഥാപനത്തിന്റെ സാമ്പത്തിക ക്ഷമതയ്ക്കും വിധേയമായി സ്ഥിരം ജീവനക്കാർക്ക് പരമാവധി ഒരു മാസത്തെ ശമ്പളം വരെ ബോണസായി അനുവദിക്കാം. ഡിടിപിസികളിലെയും ഡിഎംസികളിലെയും കരാർ, ദിവസവേതന ജീവനക്കാർക്ക് ഇതേ മാനദണ്ഡത്തിൽ പരമാവധി 11,500 രൂപ വരെ ബോണസ് അനുവദിക്കാനും യോഗം തീരുമാനിച്ചു.
ഡിടിപിസികളുമായി ബന്ധപ്പെട്ട സേവന-വേതന വ്യവസ്ഥകൾ ഏകീകരിക്കുന്നതിനും ജീവനക്കാരുടെ ആനുകൂല്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള നിർദേശങ്ങളും യോഗത്തിൽ ഉയർന്നു. ഏകീകൃത ശമ്പള സ്‌കെയിൽ ഉൾപ്പെടെയുള്ള പരിഷ്‌കാരങ്ങൾ നടപ്പാക്കുന്നത് സർക്കാർ അനുഭാവപൂർവം പരിഗണിക്കുമെന്നും സേവന-വേതന വ്യവസ്ഥകളിലെ ഏകീകരണം ഉൾപ്പെടെയുള്ള വിഷയങ്ങൾ പിന്നീട് വിശദമായി പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു. വിവിധ തൊഴിലാളി സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് 2026ലെ ഓണം ബോണസിന് മാനദണ്ഡം നിശ്ചയിച്ചത്.
ടൂറിസം വകുപ്പ് സെക്രട്ടറി കെ. ബിജു., ടൂറിസം വകുപ്പ് ഡയറക്ടർ അഞ്ജന. എം, സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ നിപുൺ ജോസഫ്, വിവിധ ട്രേഡ് യൂണിയൻ പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.
പി.എൻ.എക്‌സ്. 3356/2026
- Log in to post comments