നവചേതന മൂന്നാംഘട്ടം തുടങ്ങി
പട്ടികവര്‍ഗ്ഗ മേഖലയിലെ വിദ്യാഭ്യാസ വികസനത്തിനും മുതിര്‍ന്നവരുടെ വിദ്യാഭ്യാസത്തിനുമായി സാക്ഷരതാ മിഷന്‍ നവചേതന മൂന്നാം ഘട്ട പദ്ധതി നടപ്പിലാക്കുന്നു. ഒന്നാംഘട്ടത്തില്‍ സാക്ഷരതാ പദ്ധതിയും രണ്ടാംഘട്ടത്തില്‍ നാലാം തരം തുല്യതാ പദ്ധതിയും ഇതിനകം നടപ്പിലാക്കിയിരുന്നു. ചപ്പാരപ്പടവ്, അഴീക്കോട്, ചിറക്കല്‍, ചെറുകുന്ന്, മാട്ടൂല്‍, മുഴപ്പിലങ്ങാട്, കണ്ണപുരം, ചെമ്പിലോട് എന്നീ തെരഞ്ഞെടുത്ത ഗ്രാമപഞ്ചായത്തുകളിലാണ് മൂന്നാംഘട്ട പദ്ധതി നടപ്പിലാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇന്‍സ്ട്രക്ടര്‍മാര്‍ക്കും പ്രേരക്മാര്‍ക്കുമുള്ള പരിശീലനം ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്നു. ജില്ലാ കോഡിനേറ്റര്‍ ഷാജു ജോണ്‍, അസിസ്റ്റന്റ് കോഡിനേറ്റര്‍ ശ്രീജന്‍ ടി വി, കെ കുരിയാക്കോസ് എന്നിവര്‍ നേതൃത്വം നല്‍കി.
ആഗസ്ത് 27 മുതല്‍ പദ്ധതിയുടെ ഭാഗമായുള്ള സര്‍വ്വേ ആരംഭിക്കും. സര്‍വ്വേയില്‍ കണ്ടെത്തുന്ന പഠിതാക്കള്‍ക്കായി സെപ്റ്റംബറില്‍ ക്ലാസുകള്‍ തുടങ്ങും. ഓരോ പഠന കേന്ദ്രത്തിലും നിശ്ചിത യോഗ്യതയുള്ള അധ്യാപകരുടെ സേവനം ലഭ്യമാക്കും. 2027 മാര്‍ച്ചില്‍ പരീക്ഷ നടത്തി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന നവ ചേതന ഇന്‍സ്ട്രക്ടര്‍ പരിശീലനം ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എ പ്രദീപന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം വി വി പവിത്രന്‍ അധ്യക്ഷത വഹിച്ചു
- Log in to post comments