Skip to main content

'ഓണ പതാകയാത്ര'യ്ക്ക് ഇന്ന് (ആഗസ്റ്റ് 21) തുടക്കം

വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണം  വാരാഘോഷത്തിന്റെ ഭാഗമായുള്ള ഓണ പതാകയാത്ര  ഇന്ന് (ആഗസ്റ്റ് 21)മുതൽ. ജില്ലയിലെ 14 നിയമസഭാ മണ്ഡലങ്ങളിലും പര്യടനം നടത്തുന്ന വിളംബര ജാഥ ആഗസ്റ്റ് 23 ന് കനകക്കുന്നിൽ സമാപിക്കും. 

പതാകയാത്രയുടെ ഉദ്ഘാടനം രാവിലെ 9ന് കോവളം പാലസ് ജംഗ്ഷനിൽ  എം. വിൻസെന്റ് എം എൽ എ നിർവഹിക്കും. പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ എം. ആർ. ബൈജു എം എൽ എ അധ്യക്ഷത വഹിക്കും.

ആഗസ്റ്റ് 24 മുതൽ 30 വരെ തലസ്ഥാന നഗരിയിൽ നടക്കുന്ന വർണ്ണാഭമായ ഓണാഘോഷ പരിപാടികളിലേക്ക് പൊതുജനങ്ങളെ ക്ഷണിക്കുന്നതിനും ഉത്സവപ്രതീതി ഉണർത്തുന്നതിനുമായാണ്  മൂന്ന് ദിവസത്തെ പര്യടനം സംഘടിപ്പിച്ചിരിക്കുന്നത്.

ഇന്നത്തെ പതാക യാത്ര കോവളം മണ്ഡലത്തിൽ നിന്നും ആരംഭിച്ച് നെയ്യാറ്റിൻകര ബസ് സ്റ്റാൻഡ് ജംഗ്ഷൻ, പാറശാല ജംഗ്ഷൻ വഴി കാട്ടാക്കട മണ്ഡലത്തിലുൾപ്പെടുന്ന മലയിൻകീഴ് ജംഗ്ഷനിൽ അവസാനിക്കും.  ആഗസ്റ്റ് 22ന് അരുവിക്കര (ആര്യനാട് ജംഗ്ഷൻ), നെടുമങ്ങാട് (കച്ചേരി ജംഗ്ഷൻ), വാമനപുരം (കല്ലറ ബസ് സ്റ്റാൻഡ് ജംഗ്ഷൻ), ആറ്റിങ്ങൽ (മുനിസിപ്പൽ ഹാൾ), വർക്കല (ക്ലിഫ്) ചിറയിൻകീഴ് (ഗോൾഡൻ ബീച്ച്, പെരുമാതുറ) എന്നിവിടങ്ങളിൽ പതാക ഘോഷയാത്ര എത്തിച്ചേരും. ആഗസ്റ്റ് 23ന് കഴക്കൂട്ടം (ആക്കുളം), തിരുവനന്തപുരം സെൻട്രൽ (തമ്പാനൂർ ഹൗസിംഗ് ബോർഡ് ജംഗ്ഷൻ), നേമം (വെള്ളായണി ജംഗ്ഷൻ), വട്ടിയൂർക്കാവ് (പാളയം രക്തസാക്ഷി മണ്ഡപം) എന്നീ മണ്ഡലങ്ങളിൽ പര്യടനം നടത്തി പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നും കാൽനട ഘോഷയാത്രയായി കനകക്കുന്നിൽ എത്തിച്ചേരും. 

പബ്ലിസിറ്റി കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഓണ പതാകയാത്ര നടക്കുന്നത്.

date