ഓണം സ്പെഷ്യൽ സ്ക്വാഡ് പരിശോധന: 29 സ്ഥാപനങ്ങളിൽ പരിശോധന; നിയമലംഘനങ്ങൾക്കെതിരെ നടപടി
ഓണം പ്രമാണിച്ച് പൊതുവിപണിയിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനും ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമായി ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ പേരൂർക്കട ജംഗ്ഷനിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ പ്രത്യേക പരിശോധന നടത്തി. 29 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. നിയമലംഘനങ്ങൾ കണ്ടെത്തിയ 4 സ്ഥാപനങ്ങൾക്കെതിരെ നോട്ടീസ് നൽകിയുള്ള പിഴ നടപടിക്ക് ശുപാർശ ചെയ്തു. കൂടാതെ ഒരു സ്ഥാപനത്തിൽ സ്വയം അടച്ചുപൂട്ടലും നോട്ടീസ് നൽകിയുള്ള പിഴ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുന്നതിനായി റിപ്പോർട്ട് സമർപ്പിച്ചു.
പരിശോധനയിൽ 24 സാമ്പിളുകൾ ശേഖരിച്ചു. ഒരു ഹോട്ടലിൽ അനധികൃതമായി ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയ 2 ഗാർഹിക എൽ പി ജി സിലിണ്ടറുകൾ പിടിച്ചെടുത്തു. കൂടാതെ, വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ റിപ്പോർട്ട് തുടർനടപടികൾക്കായി ജില്ലാ കളക്ടർക്ക് സമർപ്പിച്ചു.
ഓണം സീസണിൽ ഉപഭോക്താക്കളിൽ നിന്ന് അമിതവില ഈടാക്കൽ, വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാതിരിക്കൽ, ഗാർഹിക എൽ പി ജി സിലിണ്ടറുകളുടെ വാണിജ്യ ആവശ്യത്തിനുള്ള ദുരുപയോഗം തുടങ്ങിയ നിയമലംഘനങ്ങൾക്കെതിരെ പരിശോധനകൾ ശക്തമായി തുടരുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.
പരിശോധനയിൽ ജില്ലാ സപ്ലൈ ഓഫീസർ സ്മിത. എസ്. ആർ, താലൂക്ക് സപ്ലൈ ഓഫീസർമാരായ ബൈജു. വി, രാജലക്ഷ്മി, വട്ടിയൂർക്കാവ് സർക്കിൾ ഫുഡ് സേഫ്റ്റി ഓഫീസർ ഡോ. പ്രവീൺ ആർ. പി എന്നിവരും പങ്കെടുത്തു.
- Log in to post comments