Skip to main content

കുടിവെള്ള സ്രോതസ്സുകളിലെ മൈക്രോപ്ലാസ്റ്റിക്കിന്റെ സാന്നിധ്യപരിശോധന, തീരദേശപഠന പദ്ധതി ഒക്ടോബറില്‍ പൂര്‍ത്തീകരിക്കും

 

കണ്ണൂര്‍ ജില്ലാ പഞ്ചായത്തും കണ്ണൂര്‍ സര്‍വ്വകലാശാലയും സംയുക്തമായി  നടപ്പിലാക്കുന്ന 'തീരദേശ പഠനവും കുടിവെള്ള സ്രോതസ്സുകളിലെ മൈക്രോപ്ലാസ്റ്റിക്കിന്റെ സാന്നിധ്യ പരിശോധനയും' എന്ന പദ്ധതിയുടെ മോണിറ്ററിംഗ് കമ്മിറ്റി യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: ബിനോയ് കുര്യന്റെ അധ്യക്ഷതയില്‍ നടന്നു. പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്ററും അസോസിയേറ്റ് പ്രൊഫസറുമായ ഡോ.ടി. കെ. പ്രസാദ് പദ്ധതിയുടെ ഇടക്കാല റിപ്പോര്‍ട്ടും പുതിയ കണ്ടെത്തലുകളും അവതരിപ്പിച്ചു.

കണ്ണൂര്‍ ജില്ലയിലെ തീരദേശ അതിര്‍ത്തിയിലുള്ള 10 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഏകദേശം 82 കിലോമീറ്റര്‍ തീരപ്രദേശത്തെ ഓരോ മൂന്ന് കിലോമീറ്ററില്‍ നിന്നും ഒരു സാമ്പിള്‍ വീതം 30 സ്ഥലങ്ങളില്‍ നിന്നും 30 സാമ്പിളുകളാണ് പഠനത്തിന്  തെരഞ്ഞെടുത്തത്. തീരദേശ പഠനത്തിലൂടെ തീവ്രമായ കടലാക്രമണം നടക്കുന്നവ, സാധ്യതയുള്ളവ, മാറ്റമില്ലാത്തവ എന്നീ മേഖലകളെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ ശേഖരിച്ചു. കുടിവെള്ള കിണറുകള്‍, മറ്റ് പൊതു കുടിവെള്ള സ്രോതസ്സുകള്‍, പുഴ, കടല്‍വെള്ളം, തീരങ്ങളിലെ മണ്ണ് എന്നിവയില്‍ നിന്ന് മൈക്രോപ്ലാസ്റ്റിക് പഠനത്തിനായുള്ള സാമ്പിളുകള്‍ ശേഖരിച്ച് പഠനം നടത്തിക്കൊണ്ട്  പദ്ധതിയുടെ 90% പ്രവൃത്തികളും പൂര്‍ത്തിയാക്കി. ഒക്ടോബറില്‍ പദ്ധതി പൂര്‍ത്തീകരിച്ച് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുമെന്ന്  കണ്ണൂര്‍ യൂണിവേഴ്‌സിറ്റി യോഗത്തില്‍ അറിയിച്ചു. പദ്ധതിയുടെ ഭാഗമായി പ്ലാസ്റ്റിക് മാലിന്യ പ്രത്യാഘാതങ്ങളും പരിഹാരമാര്‍ഗ്ഗങ്ങളും വിവരിക്കുന്ന ഒരു കൈപ്പുസ്തകം തയ്യാറാക്കി ബന്ധപ്പെട്ട പഞ്ചായത്തുകള്‍ക്കും മുന്‍സിപ്പാലിറ്റികള്‍ക്കും വിതരണം ചെയ്യാനും പ്രാദേശികതലത്തില്‍ ബോധവല്‍ക്കരണം നടത്താനും ധാരണയായി.
 ജില്ലാ പഞ്ചായത്ത്  മെമ്പര്‍ പി.വി ജയശ്രി ടീച്ചര്‍,  സെക്രട്ടറി പി ടി പ്രസാദ് ,  ഫിനാന്‍സ് ഓഫീസര്‍ കെ ബിനു , സീനിയര്‍ സൂപ്രണ്ട്  ബിനു വര്‍ഗ്ഗീസ്, ജൂനിയര്‍ സൂപ്രണ്ടുമാരായ അനില്‍ കുമാര്‍ പി.വി, സീമ എ.പി, ഇ.കെ സോമശേഖരന്‍ , യൂണിവേഴ്‌സിറ്റി സെക്ഷന്‍ ഓഫീസര്‍ മഹേഷ് വി, രജീഷ് കെ.ടി, ഹനീഷ്. എം, അക്ഷര മധു , ജില്ലാ പഞ്ചായത്ത് സീനിയര്‍ സൂപ്രണ്ട് . കെ ആര്‍സുജിത്ത്  തുടങ്ങിയവര്‍  പങ്കെടുത്തു.

date