ജില്ലയിൽ ഇനിയെങ്ങും കലയുടെ പൂക്കാലം: ഒരുങ്ങുന്നത് 35 വേദികൾ
വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഓണം ടൂറിസം വാരാഘോഷത്തിന് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഒരുങ്ങുന്നത് 35 വേദികൾ.
ആഗസ്റ്റ് 24 മുതൽ 30 വരെ വിവിധ കലാപരിപാടികളാണ് ഈ വേദികളിൽ അരങ്ങേറുന്നത്. പരമ്പരാഗത കലാരൂപങ്ങൾ, മ്യൂസിക് ബാൻഡ് ഷോ, ശാസ്ത്രീയ സംഗീതം, ശാസ്ത്രീയ നൃത്തം , നാടകങ്ങൾ, കഥാപ്രസംഗം തുടങ്ങി നിരവധി ദൃശ്യവിരുന്നുകൾ ഉൾപ്പെടുത്തിയാണ് ഇത്തവണത്തെ ആഘോഷപരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.
പ്രധാന വേദിയായ നിശാഗന്ധിയിൽ നാടൻ കലകളും പ്രശസ്ത ഗായകരുടെയും ബാന്റുകളുടെയും സംഗീതവിരുന്നും ഒരുക്കിയിട്ടുണ്ട്. ഇന്ന് (ആഗസ്റ്റ് 24) ചലച്ചിത്രതാരം ശോഭനയുടെ നൃത്താവിഷ്കാരവും കെ എസ് ഹരിശങ്കറിന്റെ ലൈവ് മ്യൂസിക് ഷോയും നിശാഗന്ധിയിൽ അരങ്ങേറുന്നുണ്ട്. വരും ദിവസങ്ങളിൽ നിത്യ മാമൻ, മധു ബാലകൃഷ്ണൻ, ഹരീഷ് ശിവ രാമകൃഷ്ണൻ, ശ്രേയ ജയദീപ് തുടങ്ങി വലിയൊരു ഗായകനിരയാണ് നിശാഗന്ധിയെ ത്രസിപ്പിക്കാൻ എത്തുന്നത്. ഇതിനു പുറമെ, കനകക്കുന്ന് ഗേറ്റിൽ വാദ്യമേളങ്ങളും സൂര്യകാന്തിയിൽ ഫ്യൂഷൻ, ഗാനമേള പരിപാടികളും അരങ്ങേറും. കനകക്കുന്നിൽ തന്നെ ഒരുക്കിയിട്ടുള്ള തിരുവരങ്ങ്, സോപാനം വേദികളിലും നാടൻ കലാരൂപങ്ങൾ അവതരിപ്പിക്കും.
സെൻട്രൽ സ്റ്റേഡിയം, പൂജപ്പുര മൈതാനം എന്നിവിടങ്ങളിൽ ഗാനമേളകളും പ്രമുഖരുടെ മ്യൂസിക് ഷോകളും അരങ്ങേറും. വിനീത് ശ്രീനിവാസൻ, അനൂപ് ശങ്കർ, ഇഷാൻ ദേവ് അഖില ആനന്ദ്, മഞ്ജരി, മിഥുൻ ജയരാജ്, ഗായത്രി അശോകൻ തുടങ്ങിയവർ സെൻട്രൽ സ്റ്റേഡിയത്തിൽ എത്തുമ്പോൾ അതുൽ നറുകര, അരവിന്ദ് വേണുഗോപാൽ, അഭയാ ഹിരൺമയി, കൈതപ്രം ദാമോദരൻ നമ്പൂതിരി, കാവാലം ശ്രീകുമാർ, ഉണ്ണിമേനോൻ തുടങ്ങിയവർ പൂജപ്പുര മൈതാനത്തും എത്തും.
കഴക്കൂട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ അപർണ രാജീവ്, വൈക്കം വിജയലക്ഷ്മി, അൻവർ സാദത്ത്, നജീം അർഷാദ് തുടങ്ങിയവരുടെ മ്യൂസിക് ഷോകളും മറ്റു കലാകാരന്മാരുടെ പരിപാടികളും അരങ്ങേറും. ഭാരത് ഭവന്റെ രണ്ട് വേദികളിൽ ശാസ്ത്രീയ നൃത്തത്തിനും ശാസ്ത്രീയ സംഗീതത്തിനും പ്രാധാന്യം നൽകിയിട്ടുണ്ട്.
ശംഖുമുഖത്ത് സ്ത്രീകൾക്കും കുട്ടികൾക്കുമായി പ്രത്യേക പരിപാടികൾ സംഘടിപ്പിക്കുമ്പോൾ, പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ കോവളത്ത് മെഗാഷോയും മ്യൂസിക് നൈറ്റും വേളി, ആക്കുളം ടൂറിസ്റ്റ് വില്ലേജുകൾ, വെള്ളാർ ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജ്, മുടുവൂർപ്പാറ ബോട്ട് ക്ലബ്ബ് ആങ്കണം എന്നിവിടങ്ങളിൽ വിപുലമായ കലാപരിപാടികളും അരങ്ങേറും.
ഗാന്ധിപാർക്കിൽ കഥാപ്രസംഗം, സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി ഹാൾ, അയ്യൻകാളി ഹാൾ എന്നിവിടങ്ങളിൽ നാടകങ്ങളും കവിയരങ്ങും, മ്യൂസിയം കോമ്പൗണ്ടിൽ യോഗ, കളരിപ്പയറ്റ് പ്രകടനങ്ങളും നടക്കും. വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ കൂത്തമ്പലത്തിൽ നൃത്തനൃത്യങ്ങളും, കനകക്കുന്ന് അകത്തളത്തിലും പോത്തൻകോട് ഗവ. യു.പി.എസിൽ കഥകളിയും അരങ്ങേറും.
പബ്ലിക് ഓഫീസ് കോമ്പൗണ്ടിൽ ഗാനമേളയും ബാപ്പുജി ഗ്രന്ഥശാല പേരൂർക്കട, പള്ളിച്ചൽ, ചെമ്പഴന്തി ശ്രീ നാരായണ ഗുരു കുലം, നെയ്യാറ്റിൻകര, ആറ്റിങ്ങൽ, വെള്ളായണി, നെടുമങ്ങാട്, വർക്കല, ശാസ്താംപാറ തുടങ്ങി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കലാസന്ധ്യകൾ ഉണ്ടാകും.
- Log in to post comments